കടത്തുകാരെ നിയോഗിക്കുന്നില്ല
കൊല്ലം: അഷ്ടമുടിക്കായലിലെ വിവിധ കടവുകൾ കേന്ദ്രീകരിച്ചുള്ള കടത്തു സർവീസുകൾ ഫെറിമാൻമാർ (കടത്തുകാർ) ഇല്ലാതെ പ്രതിസന്ധിയിലായതോടെ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിൽ.
ഫെറിമാൻ തസ്തിക നേരത്തെ നിറുത്തലാക്കിയെങ്കിലും താത്കാലികക്കാരെ നിയമിച്ച് കടത്ത് സർവീസ് നടത്തുകയായിരുന്നു. അടുത്തകാലത്തായി അവശ്യമുള്ളത്ര ഫെറിമാന്മാരെ താത്കാലികമായിപ്പോലും നിയമിക്കാത്തതിനാൽ ഭൂരിഭാഗം കടത്ത് സർവീസുകളും നിലച്ചിരിക്കുകയാണ്. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സുരക്ഷിത സർവ്വീസുകൾ ഇല്ലാതാകുന്നതോടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്വകാര്യ വള്ളക്കാർ സർവ്വീസ് നടത്തുന്നത് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന അവസ്ഥയാണ്. സ്ഥിരം ഫെറിമാന്മാർ വിരമിക്കുന്നതോടെ കൂടുതൽ കടത്തുസർവ്വീസുകൾ വരും നാളുകളിൽ അനാഥമാകും.
നിവേദനവുമായി പാസഞ്ചേഴ്സ് അസോ.
അഷ്ടമുടിക്കായലിന്റെ തീരപ്രദേശങ്ങളിലുള്ള ഇരു കരകളെയും ബന്ധിപ്പിച്ച് പൊതുമരാമത്ത് വകുപ്പിന്റെ കടത്തു സർവീസ് കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് വാട്ടർ ട്രാൻസ്‌പോർട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിവേദനം നൽകി. ഭാരവാഹികളായ പി.ജെ. ഷൈൻകുമാർ, സജീവ് പരിശവിള, കെ.രാജശേഖരൻ പിള്ള, രേഖാ രവികുമാർ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
നിലവിലെ പ്രശ്നങ്ങൾ
സ്വകാര്യ വള്ളങ്ങൾ പലതിനും ലൈസൻസില്ല
യാത്രാസർവീസ് നടത്താനുള്ള സുരക്ഷാ സംവിധാനങ്ങളില്ല
സർക്കാർ കടത്തില്ലാത്തിടത്ത് സ്വകാര്യ വള്ളക്കാർ രംഗത്ത്
സുരക്ഷയില്ലാത്ത വള്ളം മറിഞ്ഞ് നിരവധി അപകടങ്ങൾ
അഷ്ടമുടിക്കായലിൽ മുമ്പ് വള്ളം മറിഞ്ഞ് മൂന്ന് പേർ മരിച്ചു
സർക്കാരിന്റെ കടത്തുസർവീസുകൾ നിലയ്ക്കുന്നിടത്ത് ലൈസൻസും സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത സ്വകാര്യ വള്ളങ്ങൾ സർവീസ് നടത്തുന്നത് വലിയ അപകടസാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്
പി.ജെ. ഷൈൻകുമാർ (വാട്ടർ ട്രാൻസ്‌പോർട്ട് പാസഞ്ചേഴ്‌സ് അസോസിയേഷൻ)