തൊടിയൂർ: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനെതിരെ യു.ഡി.എഫ് നൽകിയിട്ടുള്ള അവിശ്വാസ പ്രമേയം ഇന്ന് രാവിലെ 11ന് ചർച്ചയ്ക്കെടുക്കും. എൽ.ഡി.എഫ് ഭരണത്തിലുള്ള പഞ്ചായത്തിൽ വൈസ് പ്രസിഡന്റായിരുന്ന സലീം മണ്ണേൽ മരണപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചതോടെ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായ സാഹചര്യത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫ് 12, എൽ.ഡി.എഫ് 11 എന്നിങ്ങനെയാണ് അംഗബലം.യു.ഡി.എഫിൽ കോൺഗ്രസ് ഒഴികെയുള്ള കക്ഷികൾക്കൊന്നും പഞ്ചായത്ത് സമിതിയിൽ പ്രാതിനിധ്യമില്ല. എൽ.ഡി.എഫിൽ സി.പി.എമ്മിന് ഏഴും സി പി.ഐക്ക് നാലും അംഗങ്ങളാന്നുള്ളത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് കോൺഗ്രസിലെ തൊടിയൂർ വിജയൻ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 12 യു.ഡി.എഫ് അംഗങ്ങളും ഒപ്പുവച്ച അവിശ്വാസ പ്രമേയമാണ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയിരിക്കുന്നത്.