കൊല്ലം: വനിത സിനിമ പ്രവർത്തകരെ പീഡിപ്പിക്കുകയും ചൊൽപ്പടിക്ക് നിൽക്കാത്തവർക്ക് തൊഴിൽ നിഷേധിക്കുകയും ചെയ്യുന്ന സിനിമയിലെ പവർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് സംസ്ഥാന സർക്കാരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പറഞ്ഞ പവർ ഗ്രൂപ്പിൽ ഉൾപ്പെട്ട ജനപ്രതിനിധികൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ ലുക്ക് ഔട്ട് നോട്ടീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിഷൻ റിപ്പോർട്ട് പൂഴ്ത്തിവച്ച് സിനിമയിലെ പീഡന വീരന്മാരെ സംരക്ഷിക്കുകയും അതിക്രൂരമായ പീഡന പരമ്പര തുടരാൻ അവസരം ഒരുക്കുകയും ചെയ്ത മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പവർ ഗ്രൂപ്പിലെ അംഗങ്ങളായ ജില്ലയിൽ നിന്നുള്ള രണ്ട് ജനപ്രതിനിധികൾക്കും എതിരെ കേസെടുക്കണമെന്നും വിഷ്ണു സുനിൽ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ജില്ലാ വൈസ് പ്രസിഡന്റ് കൗഷിക്.എം.ദാസ്, ഹസ്ന ഹർഷാദ്, അനസ് ഇരവിപുരം, ആഷിക് ബൈജു, ഉല്ലാസ് ഉളിയക്കോവിൽ, ബിനോയ് ഷാനൂർ, അഡ്വ. അനഘ, നെഫ്സൽ കാലത്തിക്കാട്, ഫൈസൽ കുഞ്ഞുമോൻ, ജിത്തു രാധാമണി, സുധീർ കൂട്ടുവിള, സൈദലി മുണ്ടയ്ക്കൽ, വിപിൻജോസ്, രമേഷ് കടപ്പാക്കട, അഭിഷേക് ഗോപൻ തുടങ്ങിയവർ സംസാരിച്ചു.