കൊല്ലം: ഇന്നലെ പുലർച്ചെ 2.30 മുതൽ വീശിയടിച്ച ശക്തമായ കാറ്റിൽ ജില്ലയിൽ വ്യാപകനാശനഷ്ടം. വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് മാമ്പള്ളി കൊച്ചുകിണറ്റിൻ മൂട്ടിൽ എ.പിൽക്കീസാണ് (60) മരിച്ചത്. ഒപ്പമുണ്ടായിരുന്ന വള്ളം ഉടമ പൂന്തുറ കായിക്കര മൂലയിൽ തോട്ടംകുളങ്ങര പടിഞ്ഞാറ് ബെർണാഡ് നീന്തി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്നോടെ പോർട്ടിൽ നിന്ന് കടലിൽ മീൻ പിടിക്കാൻ പോയ വള്ളം ഇരവിപുരം കാക്കത്തോപ്പ് നിത്യസഹായ മാത പള്ളിക്ക് സമീപം ശക്തമായ കാറ്റിൽ മറിയുകയായിരുന്നു. ഏറെനേരം വള്ളത്തിലുണ്ടായിരുന്ന വലയിൽ പിടിച്ചുകിടന്നെങ്കിലും തിരയിൽപ്പെടുകയായിരുന്നു. പിൽക്കീസിന്റെ മൃതദേഹം ഇന്നലെ രാവിലെ 8.30 ഓടെ ഇരവിപുരം കുളത്തുംപാടം ഭാഗത്തുനിന്ന് ലഭിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വ്യാകുല മേരിയാണ് പെൽക്കീസിന്റെ ഭാര്യ. ഫെനി, ഫെബി എന്നിവരാണ് മക്കൾ. മയ്യനാട് മുക്കം ബീച്ചിനടുത്തും പരവൂർ പൊഴിക്കര ചില്ലക്കൽ ഭാഗത്തും മരുത്തടി വളവിൽ തോപ്പിൽ ഭാഗത്തും ശക്തമായ കാറ്റിൽപെട്ട് വള്ളങ്ങൾ മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു.
കരുനാഗപ്പള്ളി തുറയിൽകുന്ന് ക്ഷേത്രത്തിന് സമീപം അനിൽ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രാജേശ്വരിയുടെ തലയിൽ ഓട് വീണ് പരിക്കേറ്റു. ജില്ലയിൽ വിവിധ ഇടങ്ങളിൽ റോഡുകളിലേക്കും വീടിനും വൈദ്യുതി ലൈനുകൾക്ക് മുകളിലേക്കും മരങ്ങൾ കടപുഴകി.