കൊട്ടാരക്കര: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊട്ടാരക്കര താലൂക്കിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾ തകർന്നു. കൃഷി വിളകൾ നശിച്ചു. വൈദ്യുതി വിതരണം പല ഭാഗത്തും തടസപ്പെട്ടു. പുത്തൂരിൽ മൂന്ന് വീടുകൾക്കും പവിത്രേശ്വരത്ത് രണ്ട് വീടുകൾക്കും ഇളമാട്ട് ഒരു വീടിനും ഇട്ടിവയിൽ ഒരു വീടിനും ഉമ്മന്നൂരിൽ ഒരു വീടിനും നാശം സംഭവിച്ചു. പുത്തൂർ ഒറ്റപ്ളാവിള വീട്ടിൽ ഓമനക്കുട്ടന്റെ വീടിന് മുകളിലേക്ക് മരം വീണു. ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു. ഇട്ടിവ വയ്യാനം വരയടി മന്നത്ത് വീട്ടിൽ റഹീന നാസറിന്റെ വീടിന് മുകളിൽ മരം വീണു. വീടിന് ഭാഗീകമായി നാശം സംഭവിച്ചു. ഉമ്മന്നൂർ വില്ലങ്കിൽ പനയറ സുധർമ്മ വിലാസത്തിൽ രാജേന്ദ്രൻ പിള്ളയുടെ വീടിന് മുകളിലും മരം വീണു. മേൽക്കൂര തകർന്നു. വീടിന് ഭാഗീകമായ നാശം സംഭവിച്ചിട്ടുണ്ട്. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടത്തിന്റെ കണക്കുകൾ രേഖപ്പെടുത്തി.