അഞ്ചാലുംമൂട്: ഇന്നലെ രാത്രി പെയ്ത മഴയിലും ശക്തമായ കാറ്റിലും അഞ്ചാലുംമൂട്ടിൽ വലിയ നാശനഷ്ടങ്ങൾ. അഷ്ടമുടി വാഴയിൽ മുക്കിന് സമീപം സൗമ്യഭവനിൽ അലക്‌സിന്റെ വീടിന്റെ മുകളിലേക്ക് തേക്ക് മരം വീണു. ആർക്കും പരിക്കില്ല.

രാവിലെ ആറിന് അഷ്ടമുടി ബസ് സ്റ്റാൻഡിന് സമീപം നാഗരാജ നാഗയക്ഷിയമ്മ ക്ഷേത്രത്തിന് സമീപം നിന്നിരുന്ന പാഴ്‌മരം കടപുഴകി വീണു. ആർക്കും പരിക്കില്ല. അഞ്ചാലുംമൂട്ടിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരുന്ന ഹോർഡിംഗുകൾക്ക് കേടുപാടുണ്ടായി. പോസ്റ്റുകൾ തകരാറിലായി പലേടത്തും വൈദ്യുതി തടസം നേരിട്ടു. പുലർച്ചെ 5ന് നഷ്ടപ്പെട്ട വൈദ്യുതിബന്ധം രാവിലെ 9.30നാണ് പുന:സ്ഥാപിക്കാനായത്.