കൊല്ലം: ഇന്നലെ പുലർച്ചെ 2.30 മുതൽ അപ്രതീക്ഷമായി വീശിയടിച്ച കാറ്റിൽ ജില്ലയിൽ വ്യാപകനാശനഷ്ടം. രാവിലെ 6 വരെ കാറ്റ് അനുഭവപ്പെട്ടു. 60 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റടിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങളും മരക്കൊമ്പുകളും ഒടിഞ്ഞുവീണ് വൈദ്യുതിബന്ധം താറുമാറായി.

മരങ്ങൾ റോഡിലേക്ക് വീണതോടെ മണിക്കൂറുകളോളം ഗതാഗത തടസപ്പെട്ടു. ഇരവിപുരം കാക്കത്തോപ്പിൽ വള്ളം മറിഞ്ഞ് തിരുവനന്തപുരം സ്വദേശികളായ രണ്ടുപേർ കടലിലേക്ക് വീഴുകയും അഞ്ചുതെങ്ങ് മാമ്പള്ളി കൊച്ചുകിണറ്റിൻ മൂട്ടിൽ എ.പിൽക്കീസ് മരിക്കുകയും ചെയ്തു. മയ്യനാട് മുക്കം ബീച്ചിനടുത്ത് മഞ്ജുമാതയെന്ന വള്ളം പുലിമുട്ടിൽ ഇടിച്ചുകയറി. സണ്ണി, ബ്രൂമൻ എന്നിവരായിരുന്നു വള്ളത്തിലുണ്ടായിരുന്നത്. ഇവർ രക്ഷപ്പെട്ടു. വള്ളം നാട്ടുകാർ ചേർന്ന് പുലിമുട്ടിൽ നിന്ന് ഇറക്കി കരയ്ക്കെത്തിച്ചു. പരവൂർ പൊഴിക്കര ചില്ലക്കലിൽ മൂദാക്കര സ്വദേശി റോബിന്റെ ഉടമസ്ഥതയിലുള്ള ഗിഫ്ട് ഒഫ് ഗോഡ് എന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന ലോറൻസ്, ശിവകുമാർ, തമിഴ് സെൽവം, വേൽ എന്നിവർ രക്ഷപെട്ടു. മരുത്തടി വളവിൽതോപ്പ് ഭാഗത്ത് മറിഞ്ഞ വള്ളത്തിൽ നിന്ന് ടോണി, ജോൺ ക്രൂസ്, മറിയ ഫൗസി, ടൈറ്റസ്, ആന്റോ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

31 വീടുകൾ ഭാഗികമായി തകർന്നു

ശക്തമായ കാറ്റിലും മഴയിലും 31 വീടുകൾ ഭാഗികമായി തകർന്നു. കരുനാഗപ്പള്ളിയിൽ 15 ഉം കൊട്ടാരക്കരയിൽ 8 ഉം കൊല്ലത്ത് 6 ഉം കുന്നത്തൂരിൽ 2 ഉം വീടുകളാണ് തകർന്നത്. കരുനാഗപ്പള്ളി തുറയിൽകുന്ന് ക്ഷേത്രത്തിന് സമീപം അനിൽനിവാസിൽ വാടകയ്ക്ക് താമസിക്കുന്ന രാജേശ്വരിയുടെ തലയിലേക്ക് ഓട് വീണ് പരിക്കേറ്റു.

മരങ്ങൾ കടപുഴകി

കടപ്പാക്കട സ്പോർട്സ് ക്ലബിന് സമീപത്തും തട്ടാർകോണത്തും റോഡിലേക്കും വൈദ്യുതിലൈനിലേക്ക് മരങ്ങൾ വീണു. ആശ്രാമം മൈതാനത്ത് മൂന്ന് മരങ്ങളാണ് വീണത്. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ പടിഞ്ഞാറെ ആൽത്തറ ഭാഗത്തുള്ള ഇലഞ്ഞിമരത്തിന്റെ ചില്ല ഒടിഞ്ഞു. ശാസ്താംകോട്ട, മൈനാഗപ്പള്ളി, വെസ്റ്റ് കല്ലട, പതാരം, പോരുവഴി, കടപ്പാക്കുഴി, ഭരണിക്കാവ് എന്നിവിടങ്ങളിൽ 20 ഓളം മരങ്ങൾ ഒടിഞ്ഞുവീണു. നിലമേൽ പി.എം.എൻ.എം യു.പി സ്കൂളിന് സമീപം മരങ്ങൾ കടപുഴകി വീടുകൾക്ക് നാശനഷ്ടമുണ്ടായി. തെക്കേമുറി സബ് സെന്ററിന് മുന്നിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് മരം വീണ് പോസ്റ്റ് ഒടിഞ്ഞു. ഓണമ്പലം രണ്ട് റോഡ് ജംഗ്ഷനിൽ മാവ് ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. ചിറക്കര കൊച്ചാലുംമൂട് അനിൽഭവനത്തിൽ അജിത്തിന്റെ വീടിന്റെ മുകളിലേക്ക് പ്ലാവ് വീണ് കേടുപാടുകളുണ്ടായി. ശിങ്കാരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപം ഇലക്ട്രിക് പോസ്റ്റിലേക്ക് തേക്ക് വീണ് പോസ്റ്റ് ഒടിഞ്ഞു. ഏരൂർ സർക്കാർ എൽ.പി സ്കൂളിന് സമീപത്തുനിന്ന കൂറ്റൻ മരത്തിന്റെ വലിയ ചില്ല ഒടിഞ്ഞ് കെട്ടിടത്തിന് മുകളിലേക്ക് വീണു. മേൽക്കൂരയും ഭിത്തിയും തകർന്നു. ചാത്തന്നൂർ, കല്ലുവാതുക്കൽ, പൂതക്കുളം, പരവൂർ, ചവറ, കടയ്ക്കൽ, കുണ്ടറ ഭാഗത്തും വ്യാപക നാശനഷ്ടം ഉണ്ടായി.

ട്രെയിനുകൾ വൈകി

കൊല്ലം എസ്.എം.പി പാലസിന് സമീപത്തും കാപ്പിൽ ഭാഗത്തും റെയിൽവേ ലൈനിൽ മരച്ചില്ല വീണ് ട്രെയിനുകൾ അരമണിക്കൂറോളം വൈകി. ചൈന്നെ സൂപ്പർ, വന്ദേഭാരത്, പാലരുവി എക്‌സ്‌പ്രസ് എന്നിവയാണ് വൈകിയത്.