ആലപ്പാട്: കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും അഴീക്കൽ തീരദേശത്ത് വ്യാപക നാശനഷ്ടം. പലയിടത്തും മരങ്ങൾ കടപുഴകി വീണു. അഴീക്കൽ പൂക്കോട്ട് ദേവീക്ഷേത്ര മതിൽ കെട്ടിനകത്ത് നിന്ന മരം കടപുഴകി പൊങ്കാല ശാലക്ക് മുകളിലേക്ക് വീണു. ക്ഷേത്രത്തിലെ വൈദ്യുതി ബന്ധം പൂർണമായും തകരാറിലായി. അഴീക്കൽ വടക്ക് ബീച്ചിന് സമീപം വിവാഹത്തിനായി തയാറാക്കിയ പന്തൽ പൂർണമായും തകർന്നു. അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ കാറ്റ് വീശിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കടലിൽ അകപ്പെട്ടു പോയ ബോട്ടുകൾ അതിസാഹസികമായാണ് പൊഴിമുറിച്ചുകടന്ന് അഴീക്കൽ ഹാർബറിലെത്തിയത്. വള്ളങ്ങൾ ഇന്നലെ മത്സ്യബന്ധനത്തിന് പോയില്ല.