കൊല്ലം: റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുനലൂർ നരിക്കൽ ചെമ്പകപ്പള്ളിയിൽ വീട്ടിൽ സുബിൻ സുഭാഷാണ് (27) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം. ദേഹപരിശോധനയിൽ വാഹനം മോഷ്ടിക്കാനുള്ള ഉപകരണങ്ങൾ പിടിച്ചെടുത്തു.
രണ്ട് മാസത്തിനിടയിൽ കൊല്ലം, കുണ്ടറ, എഴുകോൺ, കൊട്ടാരക്കര, പുനലൂർ റെയിൽവേ സ്റ്റേഷനുകളിൽ നിന്നായി അറുപതോളം വാഹനങ്ങളാണ് മോഷ്ടിച്ചത്. ഈ വാഹനങ്ങളുടെ ചില സ്‌പെയർ പാർട്‌സുകൾ ഓൺലൈനിലൂടെ വിൽക്കുകയും മറ്റുള്ളവ സുഹൃത്തിന് നൽകുകയുമായിരുന്നു സുബിന്റെ രീതി.
സുഹൃത്തായ യുവാവ് തമിഴ്‌നാട്ടിലാണ് സ്‌പെയർ പാർട്‌സുകൾ വിറ്റിരുന്നത്. സുബിന്റെ വീട്ടിൽ നിന്ന് വാഹനങ്ങളുടെ പൊളിച്ച ഭാഗങ്ങളും നമ്പർ പ്ലേറ്റുകളും കണ്ടെത്തി. കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷെഫീഖ്, അനു, ഷൈജു, അജയൻ, രമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.