k

ചാത്തന്നൂർ: യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി റോഡിൽ വച്ച് മർദ്ദിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോയി കണ്ണനല്ലൂർ ചേരിക്കോണത്തെ വീട്ടിലെത്തിച്ച് വീണ്ടും മർദ്ദിച്ച സംഭവത്തിൽ ഏഴ് പ്രതികൾ അറസ്റ്റിൽ.

കണ്ണനല്ലൂർ സ്വദേശി അജാസിനെയാണ് (36) കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്നത്. കഴിഞ്ഞ 19ന് രാത്രി 10ന് കണ്ണനല്ലൂർ വടക്കേമുക്കിൽ വച്ചാണ് സംഭവം. കണ്ണനല്ലൂർ സ്വദേശിയായ അഷ്കറിന്റെ നേതൃത്വത്തിൽ അജയൻ (43), സാബു (41), ദിങ്കൻ (35), കബീർ (35), ഷെരീഫ് (31), വിഷ്ണു (30) എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റിലായത്. അഷ്കറുമായുള്ള വാക്കുതർക്കം മൂലമുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്.

കണ്ണനല്ലൂർ എസ്.എച്ച്.ഒ പി.രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടി.സുമേഷ്, ഹരി സോമൻ, രാജേന്ദ്രൻ പിള്ള, സി.പി.ഒമാരായ പ്രജീഷ്, ദിനേശ്, പ്രമോദ്, ഓർവൽ ഷാഫി, മനാഫ്, നുജുമുദ്ദീൻ, വിഷ്ണു, ഹുസൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.