bypass
തെരുവ് വിളക്കുകൾ കത്താത്തതിനെ തുടർന്ന് ഇരുട്ടിലായ നീരാവിൽ പാലം

അഞ്ചാലുംമൂട്: ദേശീയപാത 66 കടന്നുപോകുന്ന നീരാവിൽ പാലത്തിലെ പത്തിലേറെ തെരുവ് വിളക്കുകൾ കണ്ണടച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും അധികൃതർ ഗൗനിക്കുന്നേയില്ല. കാൽനട യാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമുൾപ്പെടെ അപകട ഭീതിയോടെയാണ് പാലത്തിലൂടെ സഞ്ചരിക്കുന്നത്.

ബൈപ്പാസ് ഗതാഗതത്തിന് തുറന്ന് നൽകിയ നാൾ മുതൽ ഏറ്റവും അധികം അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളുടെ കൂട്ടത്തിൽ നീരാവിൽ പാലവുമുണ്ട്. ദേശീയപാത അതോറിട്ടിയുടെ കീഴിലാണ് പാലത്തിലെ തെരുവ് വിളക്കുകളുടെ പരിപാലനം. വെളിച്ചമില്ലാത്തതിനാൽ പോക്കറ്റ് റോഡുകളിൽ നിന്ന് ബൈപ്പാസിലേക്ക് കയറുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. രാത്രി​യി​ൽ പാലത്തിന് സമീപ പ്രദേശങ്ങൾ സാമൂഹിക വിരുദ്ധരുടെ താവളമായും മാറുന്നുണ്ട്. ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനാൽ തെരുവ് നായ്ക്കളുടെ ശല്ല്യവും യാത്രക്കാർക്ക് ഭീഷണിയാണ്. പാലത്തിലൂടെ നടക്കുന്നവരെ വാഹനങ്ങൾ ഇടി​ക്കാനുള്ള സാദ്ധ്യതയും ഏറെയാണ്.

ദേശീയപാത വി​കസനത്തി​ന്റെ ഭാഗമായി തെരുവ് വിളക്കുകളുടെ വൈദ്യുതി വിച്ഛേദിച്ചതാണ് പാലം ഇരുട്ടിലാകാൻ കാരണം. ഡിവിഷൻ കൗൺസിലറും നാട്ടുകാരും ഉൾപ്പെടെ നിരവധി തവണ ദേശീയപാത അധികൃതരോടും നിർമ്മാണ കമ്പനി അധികൃതരോടും ഇവ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും യാതൊന്നും ഉണ്ടായി​ല്ല.

പാലം കടക്കാൻ മൊബൈൽ വെട്ടം

സന്ധ്യയ്ക്കു ശേഷം നീരാവിൽ പാലം കടക്കണമെങ്കി​ൽ മൊബൈൽ ഫ്‌ളാഷ് ലൈറ്റി​നെയോ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റി​നെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. രാത്രി നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്ന് ജോലികഴിഞ്ഞെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭയത്തോടെയാണ് പാലത്തി​ലൂടെ സഞ്ചരി​ക്കുന്നത്. പുലർച്ചെ നടക്കാനും മറ്റുമായി​ എത്തുന്നവരും വെളിച്ചമില്ലാത്തതിനാൽ ബുദ്ധിമുട്ടിലാണ്.