കൊല്ലം: തെന്മല കുളിർകാട് എസ്റ്റേറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടും മൂന്നും പ്രതികളായ മാതാപിതാക്കളെ പുനലൂർ പോക്സോ കോടതി ജഡ്ജി ബൈജു വെറുതെ വിട്ടു. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച തെളിവുകളും സാക്ഷിമൊഴികളും രണ്ടും മൂന്നും പ്രതികളുടെ കുറ്റം തെളിയിക്കുന്നതിന് അപര്യാപ്തമാണെന്ന് കണ്ടാണ് കുറ്റവിമുക്തരാക്കിയത്. പെൺകുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് ഒന്നാംപ്രതി പണം വാങ്ങിച്ചുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. അതിനാൽ ആരോപണം നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി. 2018ലായിരുന്നു സംഭവം. ഒന്നാംപ്രതി അജിത്ത് പന്ത്രണ്ടുകാരിയെ പണം നൽകി വാങ്ങിയശേഷം പലതവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നായിരുന്നു കേസ്. അജിത്ത് വിചാരണയുടെ അവസാന ഘട്ടത്തിൽ ഒളിവിൽ പോയി. രണ്ടാം പ്രതിക്കായി അഭിഭാഷകരായ ഷിബു ആലുംകടയിൽ, ബേബി ജോൺ, നഹാസ്, നജ്മൽ റഹ്‌മാൻ, അമ്മു, ശ്രുതി എന്നിവർ ഹാജരായി.