കൊല്ലം: വയോജനങ്ങളെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വയോജന പെൻഷൻ 400 രൂപ നൽകിയിരുന്നപ്പോൾ കേന്ദ്രവിഹിതം 200 രൂപയായിരുന്നു. ഇപ്പോൾ 1600 രൂപ നൽകുമ്പോഴും കേന്ദ്രവിഹിതം 200 രൂപ തന്നെയാണ്. പെൻഷൻ തുക വർദ്ധിപ്പിച്ചതിൽ സംസ്ഥാനത്തെ കുറ്റപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖല ശക്തമായതുകൊണ്ടാണ് കേരളത്തിൽ വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ രാജ്യത്തിന് തന്നെ മാതൃകയാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

സീനിയർ സിറ്റിസൺസ് കൗൺസിൽ സർവീസ് പ്രസിഡന്റ് എൻ.അനന്തകൃഷ്ണൻ അദ്ധ്യക്ഷനായി. വിവിധ സംഘടനാ നേതാക്കളായ ജയചന്ദ്രൻ കല്ലിംഗൽ (ജോ. കൗൺസിൽ), ഡോ. ജെ.ഹരികുമാർ (കെ.ജി.ഒ.എഫ്), കെ.എസ്.സുധികുമാർ (സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോ.), സുകേശൻ ചൂലിക്കാട് (സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് കൗൺസിൽ), കെ.എൻ.കെ.നമ്പൂതിരി, എസ്.ഹനീഫ റാവുത്തർ, കെ.എസ്.സുരേഷ്‌കുമാർ, ജി.സുരേന്ദ്രൻ പിള്ള, ടി.കെ.ചക്രപാണി, ഡി.രാമചന്ദ്രൻ പിള്ള, കെ.എൽ.സുധാകരൻ, പി.വിജയമ്മ എന്നിവർ സംസാരിച്ചു. ഡോ. വെള്ളിമൺ നെൽസൻ രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച 'കേരളത്തിലെ വയോജനങ്ങൾ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കമല സദാനന്ദന് നൽകി ബിനോയ് വിശ്വം നിർവഹിച്ചു. സംഘടനാ സമ്മേളനത്തിൽ എൻ.കെ.പ്രേമചന്ദ്രൻ.എം.പി, ഡോ.അലക്‌സാണ്ടർ ജേക്കബ്, മുല്ലക്കര രത്‌നാകരൻ എന്നിവർ പങ്കെടുത്തു. സാഹിതി സല്ലാപത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനവും കലാകാവ്യ സന്ധ്യയും കവി ചവറ കെ.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. ഡോ.വെള്ളിമൺ നെൽസന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ മുത്താന സുധാകരൻ, ടി.ഗോപാലകൃഷ്ണൻ, ശാന്താലയം ശ്രീകുമാർ എന്നിവർ സംസാരിച്ചു.