കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനത്തിനായി മുണ്ടയ്ക്കൽ വില്ലേജിൽ കണ്ടെത്തിയ, പഴയ തോമസ് സ്റ്റീഫൻ കമ്പനി വക സ്ഥലം ഏറ്റെടുക്കാനുള്ള പദ്ധതി അട്ടിമറിക്കാൻ നടക്കുന്ന നീക്കത്തിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കറും സെക്രട്ടറി എൻ. രാജേന്ദ്രനും.
ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് സർക്കാർ കൊല്ലത്ത് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ആരംഭിച്ചത്. എന്നാൽ പ്രവർത്തനങ്ങളെ തകർക്കുന്ന സമീപനമാണ് പല ദിക്കുകളിൽ നിന്ന് ഉണ്ടായത്. യൂണിവേഴ്‌സിറ്റിക്ക് ആസ്ഥാനത്തിനായി നിരവധി സ്ഥലങ്ങൾ പരിഗണിച്ച ശേഷമാണ് മുണ്ടയ്ക്കൽ വില്ലേജിൽ സ്ഥലം കണ്ടെത്തിയത്. വാങ്ങാൻ പണം ലഭ്യമാക്കുകയും ചെയ്‌തു. വില നിർണയിക്കാനുള്ള അധികാരം റവന്യു അധികൃതർക്കാണ്. എന്നാൽ ഈ സ്ഥലം മറ്റൊരാവശ്യത്തിനായി വർഷങ്ങൾക്ക് മുമ്പ് റവന്യു അധികൃതർ വില നിർണയിച്ചു നൽകിയിരുന്നു. അതിൽ നിന്ന് വളരെ കുറഞ്ഞ തുകയ്ക്കാണ് ഇപ്പോൾ മൂല്യനിർണയം നടത്തിയത്. അന്ന് ലേലത്തിൽ സ്ഥലം കൈവശമാക്കിയ ഉടമയ്ക്ക്, സർക്കാരിനു വേണ്ടി ഈ സ്ഥലം നൽകരുതെന്ന ലക്ഷ്യമുണ്ടോയെന്നും സംശയമുണ്ട്. ഒരു വ്യക്തി ഫ്ളാറ്റ്, വില്ല സമുച്ചയത്തിനായി സ്ഥലം നോട്ടമിട്ടിരുന്നതായി പ്രചരണമുണ്ട്. നഗരത്തിൽ യൂണിവേഴ്‌സിറ്റിക്ക് ഇത്രയും അനുയോജ്യമായ മറ്റൊരു സ്ഥലമില്ലെന്നിരിക്കെ അടിയന്തിരമായി സ്പെഷ്യൽ തഹസീൽദാരെ നിയമിച്ച് സ്ഥലമെടുക്കൽ നടപടി ത്വരിതപ്പെടുത്തണം. ശ്രീനാരായണ ദർശനങ്ങളെയും വിദ്യാഭ്യാസ രംഗത്തെയും തകർക്കാനും ശ്രീനാരായണീയർ ഏറെയുളള മുണ്ടയ്ക്കൽ പ്രദേശത്തിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമം കൂടിയാണ് ഇതെന്നും ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.