maneesh
എഴുകോൺ പഞ്ചായത്തിലെ മികച്ച യുവ കർഷകൻ മനീഷ് ഇടയ്ക്കോട് തൻ്റെ കൃഷിയിടത്തിൽ.

എഴുകോൺ : കൃഷി ജീവിതചര്യയും അഭിനിവേശവുമാക്കിയ മനീഷ് ഇടയ്ക്കോടിന് എഴുകോൺ ഗ്രാമ പഞ്ചായത്തിന്റെ യുവ കർഷക പുരസ്കാരം. രണ്ട് വർഷമായി കാർഷിക മേഖലയാണ് 36 കാരനായ ഈ പ്രവാസിയുടെ ജീവിത മാർഗം. ഇടയ്ക്കോട് അനീഷ് ഭവനത്തിൽ പരേതരായ സുന്ദരേശന്റെയും

ഓമനയുടെയും മകനാണ് അനീഷ്. സ്വന്തമായി 20 സെന്റ് മാത്രമുള്ള മനീഷ് ഒരേക്കറോളം നിലവും പുരയിടവും പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. എല്ലാ ഇനത്തിലുമുള്ള പച്ചക്കറികൾ കൃഷിയിടത്തിലുണ്ട്.പയർ, വെണ്ട, ചീര, വഴുതന, പച്ചമുളക്, കോളി ഫ്ലവർ, കാബേജ്, അമര, വഴുതന, പച്ചമുളക് തുടങ്ങിയവ സമൃദ്ധമായുണ്ട്. പുറമേ ചീനി, ചേന, വാഴ,ഇഞ്ചി ചേമ്പ്, കപ്പയ്ക്ക,തെങ്ങ് അടയ്ക്കാമരം എന്നിവയുമുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ ബന്ദിപ്പൂ കൃഷിയും തുടങ്ങിയിട്ടുണ്ട്. ഇടയ്ക്കോട് ജംഗ്ഷനിൽ വീടിനോട് ചേർന്നുള്ള ചെറിയ സ്റ്റേഷനറി കടയാണ് മനീഷിന്റെ പ്രധാന മാർക്കറ്റ്. ഇവിടെ വിപണനം ചെയ്യാവുന്ന തരത്തിൽ സ്വന്തമായി തയ്യാറാക്കിയ കാർഷിക കലണ്ടറാണ് മനീഷിന്റെ വിജയം. ഒന്നും അധികമായി ഉത്പ്പാദിപ്പിക്കാറില്ല.

ആയിരത്തോളം മുട്ടക്കോഴിയും താറാവും മുൻപ് കൃഷിയുടെ ഭാഗമായിരുന്നു. എണ്ണം കുറച്ചെങ്കിലും ഈ കൃഷിയും മനീഷ് വിട്ടിട്ടില്ല. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ കൊണ്ടു വന്ന് വളർത്തി വിൽക്കുന്നതാണ് രീതി. മരച്ചീനി കൃഷിയിൽ ഒരു മൂട്ടിൽ 25 കിലോ ചീനി വരെ ലഭിച്ചിരുന്നു. പന്നി ശല്യമാണ് പ്രധാന വെല്ലുവിളി. കൃഷിയിലെ ആവർത്തനചെലവ് കുറയ്ക്കാൻ മാതൃകാപരമായ ചില പ്രവർത്തികൾ മനീഷിന്റെ കൃഷിയിടത്തിലുണ്ട്.പണകോരി വശങ്ങളിൽ ചാക്കടിക്കുന്നതാണ് ഇത്. പോച്ച കിളിർക്കുന്നതും പണ ഇടിയുന്നതും ഇത് വഴി ഒഴിവാക്കാം. ഐ.ടി.ഐ യിൽ നിന്ന് ഓട്ടോമൊബൈൽ ടെക്നോളജി ക്ലസ്റ്റർ പാസായിട്ടുള്ള മനീഷിന് ബി.എ ഹിസ്റ്ററി ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉണ്ട്. ആറ് വർഷം ഗൾഫിൽ ആയിരുന്നു. അച്ഛനും അമ്മയ്ക്കും സുഖമില്ലാതെ വന്നപ്പോഴാണ് നാട്ടിലെത്തിയത്.

പിന്നീട് മടങ്ങാതെ കൃഷിയിൽ വ്യാപൃതനായി. കൗമാരത്തിൽ അച്ഛനെ കൃഷിയിൽ സഹായിച്ച അനുഭവമാണ് പ്രചോദനമായത്. വിത്തും വളവും നൽകി എഴുകോൺ കൃഷി ഭവനും പ്രോത്സാഹനമേകി.ഭാര്യ കാർത്തികയും സഹോദരൻ അനീഷുമാണ് മനീഷിന് കരുത്തായി ഒപ്പമുള്ള മറ്റുള്ളവർ.