bindhu-
ബിന്ദു രാമചന്ദൻ

തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനെതിരെ കോൺഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. അനുകൂലിച്ച് 12 അംഗങ്ങളും എതിർത്ത് 11 അംഗങ്ങളും വോട്ട് ചെയ്തു. ഇതോടെ ബിന്ദുരാമചന്ദ്രന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി.

എൽ.ഡി.എഫ് ഭരണത്തിലായിരുന്ന പഞ്ചായത്തിൽ വൈസ് പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ സലീം മണ്ണേലിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി നജീബ് മണ്ണേൽ വിജയിച്ചതോടെ ഇരുപക്ഷത്തേയും അംഗബലം മാറിമറിഞ്ഞു. യു.ഡി.എഫ് 12, എൽ.ഡി.എഫ് 11 എന്നീ നിലയിലായി. തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഐയിലെ ബിന്ദു രാമചന്ദ്രനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

ഇന്നലെ രാവിലെ 11ന് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അവിശ്വാസ പ്രമേയം ചർച്ച ചെയ്ത് വോട്ടിനിടുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബിന്ദു രാമചന്ദ്രൻ പുറത്തായതിനൊപ്പം പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിന് നഷ്ടമായി. സലീം മണ്ണേലിന്റെ മരണത്തെ തുടർന്ന്‌ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ തൊടിയൂർ വിജയൻ നറുക്കെടുപ്പിലൂടെ സ്ഥാനം കരസ്ഥമാക്കിയിരുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ തൊടിയൂർ വിജയൻ പ്രസിഡന്റിന്റെ ചുമതല വഹിക്കും.