പുനലൂർ: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പുനലൂർ നഗരസഭയിലെ കോമളംകുന്ന് ചരുവിള പുത്തൻ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ മകൻ സുരേഷാണ് (41) മരിച്ചത്. ഇന്നലെ രാവിലെ 9 ഓടെ ടി.ബി ജംഗ്ഷനിലെ സ്നാനഘട്ടത്തിന് മുന്നിലായായിരുന്നു അപകടം.
ആറ്റിലിറങ്ങി നീന്തി നടക്കുന്നതിനിടെ കുഴിയിൽ അപകപ്പെടുകയായിരുന്നുവെന്ന് പറയുന്നു. സംഭവം കണ്ടവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഫയർഫോഴ്സിലും പുനലൂർ പൊലീസിലും വിവരം അറിയിച്ചു. കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നത് കാരണം ഫയർഫോഴ്സ് തെരച്ചിൽ നടത്താൻ പ്രയാസപ്പെട്ടു. തുടർന്ന് കൊല്ലത്ത് നിന്ന് സ്ക്യൂബ ടീം എത്തി ഉച്ചക്ക് 1 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഗവ.താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന്. മാതാവ്: ചിന്നമ്മ. സഹോദരങ്ങൾ: ബാബു, ശ്രീദേവി.