കൊല്ലം: പേവിഷബാധ പ്രതിരോധത്തിൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ജില്ലയിൽ നടപ്പാക്കുന്ന റാബീസ് ഫ്രീ കൊല്ലം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേവിഷബാധയ്ക്കുള്ള സാഹചര്യം സംസ്ഥാനത്ത് പരിപൂർണമായി ഒഴിവാക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കും. ഇതിനായി തെരുവ് നായ്ക്കൾക്കും വളർത്തുമൃഗങ്ങൾക്കും വാക്സിനെടുക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിൽ നടപ്പാക്കും. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തും.
കംപാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുടെ കൂടി സഹകരണത്തോടെ കൊല്ലം കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് റാബിസ് ഫ്രീ കൊല്ലം പദ്ധതി നടപ്പിലാക്കുന്നത്. ദേശീയ ക്ഷീരവികസന ബോർഡിന്റെ സ്ഥാപനമായ ഇന്ത്യൻ ഇമ്മ്യുണോളജിക്കൽസ് ലിമിറ്റഡ് ഹൈദരാബാദിന്റെ സഹായവും ഈ പദ്ധതിക്കുണ്ട്. തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകുന്നതിനുള്ള മൊബൈൽ യൂണിറ്റിന്റെ ഫ്ളാഗ് ഒഫ് കർമ്മവും മന്ത്രി നിർവഹിച്ചു.
മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയായി. കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു.പവിത്ര പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.