photo
കൊട്ടാരക്കര- പുത്തൂർ റോഡിൽ മുസ്ളീം സ്ട്രീറ്റിൽ റോഡ് നവീകരണ ജോലികൾ തുടങ്ങിയപ്പോൾ

കൊട്ടാരക്കര: കൊട്ടാരക്കര - പുത്തൂർ റോഡിൽ മുസ്ളീം സ്ട്രീറ്റ് ഭാഗത്തെ ദുരിതാവസ്ഥയ്ക്ക് പരിഹാരം. റോഡിന്റെ തകർച്ച പരിഹരിക്കാനുള്ള നിർമ്മാണ ജോലികൾ തുടങ്ങി. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് അനുവദിച്ച 12 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. ഇവിടെ വലിയ തോതിൽ തകർച്ചയുണ്ടായ ഭാഗത്ത് റീ ടാറിംഗിന് പകരം 70 മീറ്റർ നീളത്തിൽ കൊരുപ്പ് കട്ട പാകുകയാണ്. ശേഷിക്കുന്നിടത്ത് കുഴികൾ നികത്തി ടാറിംഗ് നടത്തും. ഏറെക്കാലമായി ഇവിടെ വലിയ തോതിൽ റോഡ് തകർച്ചയിലായിരുന്നു. നിരവധി പ്രതിഷേധങ്ങൾക്കും ഇടയാക്കി. 'അഭ്യാസം പഠിച്ചാൽ ഇവിടം കടക്കാം!' എന്ന തലക്കെട്ടോടെ കേരളകൗമുദി വിഷയം വാർത്തയാക്കുകയും പ്രതികരണങ്ങൾ സഹിതം ഫോളോ അപ് വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന്റെകൂടി ഭാഗമായിട്ടാണ് മന്ത്രിതന്നെ വിഷയത്തിൽ നേരിട്ട് ഇടപെട്ട് തുക അനുവദിപ്പിച്ചത്.

സഹികെട്ടപ്പോൾ

മുസ്ളീം സ്ട്രീറ്റ് ഭാഗത്ത് റോഡിൽ വലിയ കുഴികളാണ് രൂപപ്പെട്ടിരുന്നത്. മഴക്കാലമായതോട് ഇതിൽ വെള്ളം കെട്ടി നിൽക്കാനും തുടങ്ങി. എപ്പോഴും വാഹനത്തിരക്കുള്ള റോഡിൽ കുഴികൾ വലിയ തലവേദന സൃഷ്ടിച്ചു. ഒറ്റയ്ക്കും കൂട്ടായുമുള്ള പ്രതിഷേധങ്ങളുമുണ്ടായി. ഒടുവിൽ നിർമ്മാണ ജോലികൾ ആരംഭിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാരും മറ്റ് യാത്രക്കാരും.

ഗതാഗതം നിരോധിച്ചു

മുൻ സർക്കാരിന്റെ കാലത്ത് കിഫ്ബിയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട മുതൽ - കൊട്ടാരക്കര - നീലേശ്വരം -കോടതി സമുച്ചയം റോഡിന്റെ നിർമ്മാണത്തിനായി 20.80 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ നാളിതുവരെ നിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കരാറുകാരൻ പദ്ധതി ഉപേക്ഷിച്ചതോടെ പുതിയ അടങ്കൽ തയ്യാറാക്കി കരാർ ക്ഷണിച്ചെങ്കിലും ആരുമെടുത്തില്ല. ഈ പദ്ധതി എന്ന് പൂർത്തിയാകുമെന്ന് യാതൊരു നിശ്ചയവുമില്ല.

12 ലക്ഷം രൂപയുടെ നിർമ്മാണം

70 മീറ്റർ നീളത്തിൽ കൊരുപ്പ് കട്ട പാകൽ

കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമ്മാണ ചുമതല.