കൊല്ലം: കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നഗരത്തിലെ മാലിന്യ വിഷയങ്ങളും കുടിവെള്ള പ്രശ്‌നവും വിഷയമായി.
കുരീപ്പുഴയിൽ ബയോമൈനിംഗ് നടത്തിയ സ്ഥലത്ത് 15 ടൺ ശേഷിയുള്ള കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കമ്പനിയുമായി പ്രാഥമിക ചർച്ച നടത്തിയെന്നും മേയർ വ്യക്തമാക്കി. നാലര കോടി രൂപ ചെലവിൽ പൊതു-സ്വകാര്യമേഖലയുടെ പങ്കാളിത്തതോടെയാകും പ്ലാന്റ് നിർമ്മിക്കുക. റോഡിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താനായി 30 ക്യാമറകൾ സ്ഥാപിക്കുമെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ യു. പവിത്ര പറഞ്ഞു. പോർട്ട് ഡിവിഷനിൽ പോർട്ട് ഓഫീസിന് മുന്നിൽ തെരുവോര കച്ചവടം മൂലം പകർച്ച വ്യാധികൾ വർദ്ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ജോർജ്ജ് ഡി.കാട്ടിൽ പറഞ്ഞു.ഇത്തരം കച്ചവടങ്ങൾ മൂലം ഈ ഭാഗത്തെ ഓടകൾ വൃത്തിയാക്കാനാകുന്നില്ലെന്നും പരാതികൾ നൽകിയിട്ട് നടപടിയുണ്ടാകുന്നില്ലെന്നും അദേഹം പറഞ്ഞു. ശക്തികുളങ്ങരയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമമാണെന്ന് എം. പുഷ്പാംഗദൻ പറഞ്ഞു.
യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ സജീവ് സോമൻ പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്. ജയൻ, എ.കെ. സവാദ്, കൗൺസിലർമാരായ ദീപു ഗംഗാധരൻ, ബി. സാബു, സന്തോഷ്, എം.എച്ച്. നിസാമുദ്ദീൻ, എൻ. ടോമി, ഹംസത്ത് ബീവി, സ്വർണമ്മ, സേതുലക്ഷ്മി എന്നിവരും സംസാരിച്ചു.