കൊല്ലം: പരവൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു. കൂനയിൽ പുലികുളത്ത് കിഴക്കതിൽ വീട്ടിൽ സരസമ്മയാണ് (60) മരിച്ചത്. ഇന്നലെ വൈകിട്ട് 6.30ന് പരവൂർ പാരിപ്പള്ളി റോഡിൽ മിലൻ തീയേറ്ററിന് സമീപത്തായിരുന്നു അപകടം. അപകട നടന്ന ഉടൻ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. പരവൂരിൽ നിന്ന് പാരിപ്പള്ളിയിലേക്ക് പോയ സ്വകാര്യ ബസ് അപകടകരമായ രീതിയിലാണ് വന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവർക്കെതിരെ അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനും മനപൂർവമല്ലാത്ത നരഹത്യയ്ക്കും പരവൂർ പൊലീസ് കേസെടുത്തു. ഗീതയാണ് മകൾ. ഷിനു, ഷിജു, രേവതി എന്നിവർ ചെറുമക്കളാണ്. സംസ്‌കാരം നടത്തി.