കൊല്ലം: മന്ത്രി എം.ബി. രാജേഷിന്റെ തദ്ദേശ അദാലത്ത് പ്രഹസനമെന്ന് ഡി.സി.സി എക്‌സിക്യുട്ടി​വ് അംഗവും ഗാന്ധിദർശൻ സമിതി ജില്ലാ പ്രസിഡന്റുമായ എം.വി. ഹെൻട്രി ആരോപി​ച്ചു. ജില്ലാ പഞ്ചായത്ത് ജയൻ സ്‌മാരക ഹാളിൽ ഇന്നലെ ആയി​രുന്നു അദാലത്ത്.

കൊല്ലം കോർപ്പറേഷൻ പരിധിയിലെ മങ്ങാട് പ്രദേശത്ത് വ്യത്യസ്‌ത സ്വഭാവമുള്ള മൂന്ന് പ്രശ്‌നങ്ങൾ ഓൺലൈൻ വഴി പരാതിയായി ഉന്നയിച്ചെങ്കിലും ആദ്യ പരാതിക്ക് ലഭിച്ച മറുപടിയുടെ തനിയാവർത്തനമാണ് മറ്റ് രണ്ട് പരാതികൾക്കും ലഭി​ച്ചത്. അറുനൂറ്റിമംഗലം ഡിവിഷനിലെ ജീബീസ് ജംഗ്‌ഷനിൽ നിന്ന് കിഴക്കോട്ടുള്ള റോഡിന്റെ ശോച്യാവസ്ഥ, ഹരിതകർമ്മ സേന ഫീസ് ഈടാക്കി വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്‌റ്റിക് മാലിന്യം വീടിന് മുന്നിൽത്തന്നെ ദീർഘകാലം സൂക്ഷിക്കുന്നത്, മൂന്നാംകുറ്റി മാർക്കറ്ര് നവീകരണം നീളുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ നൽകിയ പരാതികളിലാണ് 'നടപടി സ്വീകരിക്കുന്നതിനായി സെക്രട്ടറിക്ക് നിർദേശം നൽകിയിരിക്കുന്നു' എന്ന കുറിപ്പോടെ തീർപ്പാക്കിയിരിക്കുന്നത്. അറുനൂറ്റിമംഗലം ഡിവിഷനിലെ റോഡ് ഏകദേശം 21 മാസമായി സഞ്ചാരയോഗ്യമല്ലാതായതിനെ തുടർന്നാണ് മന്ത്രിയുടെ അദാലത്തിൽ പരാതി നൽകി​യത്. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ നേരത്തെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ടാർ വീപ്പകൾ ഇറക്കിവച്ചെങ്കിലും ഇതുവരെ യാതൊരു നടപടി​യും ഉണ്ടായി​ല്ലെന്ന് ഹെൻട്രി ആരോപിച്ചു.