കൊല്ലം: മിനിമം വേതനം ആവശ്യപ്പെട്ട് വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ പാരിപ്പള്ളി ഐ.ഒ.സി പ്ലാന്റിലെ സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ സമരത്തിലേക്ക്. ചെറിയ ട്രക്കിനു 1365 രൂപയും വലുതിന് 1675 രൂപയും എന്ന ക്രമത്തിൽ ആദ്യത്തെ 200 കിലോമീറ്റർ ദൂരത്തിനു മിനിമം വേതനം നിശ്ചയിക്കണമെന്നാണ് ഡ്രൈവർമാർ ആവശ്യപ്പെടുന്നത്.

ക്ലീനർ ഇല്ലാത്തതിനാൽ ഡ്രൈവർമാർ തന്നെയാണ് ക്ലീനർമാരുടെ പണിയും എടുക്കുന്നത്. അതിനാൽ ക്ലീനർ ബാറ്റ 300ൽ നിന്നു 600 രൂപയാക്കണം. മാസം 15 ലോഡിൽ കൂടുതൽ എടുക്കുന്ന ഡ്രൈവർമാർക്ക് 1250 രൂപ നേരത്തെ ഇൻസെന്റീവായി തീരുമാനിച്ചിരുന്നെങ്കിലും ലോറി ഉടമകൾ കൃത്യമായി നൽകുന്നില്ലെന്നും പരാതിയുണ്ട്. പ്ലാന്റിൽ നിന്നു പ്രതിദിനം നൂറിലേറെ ലോഡ് പാചകവാതക സിലിണ്ടറുകളാണ്

ദിവസവും കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. സമരം തുടങ്ങിയാൽ പാചകവാതകം കിട്ടാതെ ഉപഭോക്താക്കൾ ദുരിതത്തിലാകും.

പ്രതിഷേധിച്ച് ബി.എം.എസ്

തൊഴിൽ വകുപ്പ് അംഗീകരിച്ച വേതനം തൊഴിലാളികൾക്ക് കൊടുക്കാത്ത ട്രക്ക് മുതലാളിമാരുടെ നടപടി പ്രതിഷേധാർഹമാണെന്ന് ബി.എം.എസ് മേഖല പ്രസിഡന്റ്‌ അരുൺ സതീശൻ, സെക്രട്ടറി ഉണ്ണി പാരിപ്പള്ളി, യൂണിറ്റ് സെക്രട്ടറി സുരേഷ് കിഴക്കനേല എന്നിവർ പറഞ്ഞു.