കൊല്ലം: പൊട്ടിപ്പൊളിഞ്ഞ തങ്കശ്ശേരി ഇൻഫന്റ് ജീസസ് റോഡിലെ കുണ്ടിലും കുഴിയിലും വീണ് യാത്രക്കാരുടെ നടുവൊടിയുന്നു. റോഡിൽ പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
ചിന്നിച്ചിതറി കിടക്കുന്ന മെറ്റലുകളിൽ തട്ടി വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഒരേപോലെ തലവേദനയാവുകയാണ് ഇതുവഴിയുള്ള യാത്ര. റോഡിന്റെ ശോചനീയാവസ്ഥ മൂലം പലപ്പോഴും ഓട്ടോറിക്ഷക്കാർ ഇതുവഴി എത്താറില്ല. റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായെങ്കിലും നന്നാക്കാൻ നടപടിയില്ല. ഇൻഫന്റ് ജീസസ് കത്തീഡ്രൽ ദേവാലയം, ഇൻഫന്റ് ജീസസ് ആഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ, ശാന്തീദാൻ അഭയകേന്ദ്രം, കടകൾ തുടങ്ങി അനവധി സ്ഥാപനങ്ങളാണ് റോഡിനോട് ചേർന്നുള്ളത്. റോഡിനിരുവശത്തും നിരവധി വീടുകളുമുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ ജീവൻ പണയം വച്ചാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. സ്കൂളിനും ദേവാലയത്തിനും മുൻവശത്ത് വലിയതോതിലാണ് ടാറിളകി കിടക്കുന്നത്.
കരാറുകാരെ കിട്ടാനില്ല
റോഡിന്റെ തകർച്ചയും യാത്രക്കാരുടെ ദുരിതവും പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനുകൂലമായ നടപടി ഉണ്ടാകുന്നില്ല. കോർപ്പറേഷന്റെ അധീനതയിലാണ് റോഡ്. 2018 ൽ ബി.എം ആൻഡ് ബി.സി പ്രകാരാം ഉയർന്ന നിലവാരത്തിൽ നവീകരിക്കാൻ തുടങ്ങിയെങ്കിലും ശാന്തീദാൻ അഭയകേന്ദ്രത്തിന് സമീപത്ത് നിറുത്തുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ഇൻഫന്റ് ജീസസ് റോഡ്, ബിഷപ്പ് പാലസ് റോഡ് എന്നിവ ഒന്നിച്ച് ഉൾപ്പെടുത്തി ബി.എം ആൻഡ് ബി.സി രീതിയിൽ പൂർത്തിയാക്കണമെന്ന് തങ്കശ്ശേരി കൗൺസിലർ ജെ.സ്റ്റാൻലി ആവശ്യപ്പെട്ടതനുസരിച്ച് മേയർ 70 ലക്ഷം രൂപ സ്പെഷ്യൽ ഫണ്ട് അനുവദിച്ചു. എന്നാൽ ടെണ്ടർ ഏറ്റെടുക്കാൻ ആരുമെത്തിയില്ല.
കരാറുകാരെ കിട്ടാത്തതിനാലാണ് റോഡ് നവീകരണം നടക്കാത്തത്. കാൽഭാഗത്തോളം ബി.എം ആൻഡ് ബി.സിയിലും ബാക്കിഭാഗം ചിപ്പിംഗ് കാർപ്പറ്റ് രീതിയിലും ചെയ്യാൻ കഴിയില്ല. നിലവിൽ റീടെണ്ടർ ചെയ്ത് ഓഫറിലിട്ടിരിക്കുകയാണ്. ഒരു കാരാറുകാരൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കരാറുകാരെ കിട്ടുന്ന മുറയ്ക്ക് ഉടൻ തന്നെ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും
ജെ.സ്റ്റാൻലി, കൗൺസിലർ, തങ്കശ്ശേരി ഡിവിഷൻ