കൊല്ലം: നീരൊഴുക്ക് മൂടി സ്വകാര്യ വ്യക്തി നടത്തുന്ന നിർമ്മാണത്തിനെതിരെ മന്ത്രിയുടെ തദ്ദേശ അദാലത്തിൽ റസിഡൻസ് അസോസിയേഷൻ നൽകിയ പരാതിയിൽ ലഭിച്ച മറുപടി കൈയേറ്റക്കാരനെ സഹായിക്കുന്നതെന്ന് ആക്ഷേപം.
നാല് ലിങ്ക്സ് വീതിയുള്ള നീരൊഴുക്ക് മൂടിയത് പോളയത്തോട് വികാസ് നഗറിലെ എട്ട് വീടുകളിൽ വെള്ളക്കെട്ടിന് കാരണമായി. ഈ പരാതിക്ക് ലഭിച്ച മറുപടി, കോർപ്പറേഷൻ വാർഷിക ഫണ്ടുപയോഗിച്ച് പുതിയ ഓട നിർമ്മിക്കാൻ തീരുമാനമായെന്നാണ്. മണിച്ചിത്തോട്ടിലേക്ക് ഒഴുകുന്ന പ്രധാന ഓടയിലേക്ക് നീരൊഴുക്ക് സുഗമമായിരുന്നതിനാൽ നേരത്തെ വീടുകളിൽ വെള്ളം കയറിയിരുന്നില്ല. എന്നാൽ ഈ ഭാഗത്ത് വസ്‌തു വാങ്ങി പുതുതായി വീട് നിർമ്മാണം ആരംഭിച്ച വ്യക്തി നീരൊഴുക്ക് മൂടി വസ്‌തുവിനോട് ചേർത്തതിനാൽ ഒഴുക്ക് നിലച്ചു. ഈ സ്ഥലവും കൂടി ചേർന്നാൽ മാത്രമേ കോർപ്പറേഷൻ ചട്ട പ്രകാരം പുതിയ നിർമ്മാണത്തിന് അനുമതി ലഭിക്കുകയുള്ളൂവെന്ന സാഹചര്യത്തിലാണ കൈയേറ്റം. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കോർപ്പറേഷനിലും നേരത്തെ നൽകിയ പരാതി തീർപ്പാകാത്തതിനാലാണ് തദ്ദേശ മന്ത്രി എം.ബി. രാജേഷിന്റെ അദാലത്തിൽ പരാതി പരിഗണയ്‌ക്കെടുത്തതെന്നും അസോസിയേഷൻ സെക്രട്ടറി എസ്. മഞ്ജുഷ പറയുന്നു.
പുതിയ ഓടയിലൂടെ നീരൊഴുക്ക് സുഗമമാകില്ലെന്നതിനാൽ നീർചാൽ പുന:സ്ഥാപിക്കാനാണ് പരാതി നൽകിയത്. വികാസ് നഗർ 131 (എ) മന്നത്ത് വീട്ടിൽ നഹാസിന് നീരൊഴുക്കിലൂടെ നാല് ലിങ്ക്‌സ് വഴി പറയുന്നുണ്ട്. എന്നാൽ ജലസ്രോതസിന്റെ നിലനിൽപ്പിനായി തങ്ങൾ ആ വഴി ഉപയോഗിക്കുന്നില്ലെന്ന് നഹാസ് പറയുന്നു.