കൊല്ലം: വയോജനനയം ആവിഷ്‌ക്കരിച്ചതുകൊണ്ട് മാത്രം മതിയാകില്ല അത് പ്രാവർത്തികമാക്കാനുള്ള വ്യക്തമായ ആക്ഷൻപ്ലാൻ നടപ്പാക്കുകയാണ് വേണ്ടതെന്ന് സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസ് ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ എസ്.എം.വിജയാനന്ദ്.

സീനിയർ സിറ്റിസൺസ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'വയോജനസംരക്ഷണം സമൂഹവും സർക്കാരും' എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു നയവും ഫലപ്രദമായി നടപ്പാക്കണമെങ്കിൽ വ്യക്തമായ നിയമപരിരക്ഷ, നിയമം ലംഘിക്കുന്നവരെ പിടികൂടാൻ വ്യക്തമായ മാർഗനിർദ്ദേശം, മതിയായ ഫണ്ട്, ആവശ്യമായ ബോധവത്കരണം തുടങ്ങിയവ ആവശ്യമാണ്.
പാലിയേറ്റീവ് നയം അന്തർദേശീയ മോഡലായിക്കഴിഞ്ഞു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും അത് നടപ്പാക്കി. പലിയേറ്റീവ് കെയർ നടപ്പാക്കുന്നതിന് ആക്ഷൻപ്ലാൻ വേണം. വ്യക്തിയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ കഴിയണം. ആരെയും വിട്ടുപോകാതെയാണ് അത് നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ.നമ്പൂതിരി അദ്ധ്യക്ഷനായി. ഹെൽപ്പ് ഏജ് ഇന്ത്യ ഡയറക്ടർ ബിജു മാത്യു, അഡ്വ. എം.എസ്.താര, ഡെപ്യൂട്ടി മേയർ കൊല്ലം മധു, എസ്.ഹനീഫ റാവുത്തർ, എ.ജി.രാധാകൃഷ്ണൻ, സി.എച്ച്.വത്സലൻ, കെ.സി.ഭാനു എന്നിവർ സംസാരിച്ചു.