കൊല്ലം : തളവൂർക്കോണം പ്ലൈവുഡ് ഫാക്ടറി വിഷയത്തിൽ കരീപ്ര ഗ്രാമ പഞ്ചായത്തിന് തിരിച്ചടി. ഫാക്ടറിയുടെ കെട്ടിട നിർമ്മാണത്തിന് നൽകിയ പെർമിറ്റ് റദ്ദാക്കിയ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം തദ്ദേശസ്വയം ഭരണ വകുപ്പ് സ്റ്റേ ചെയ്തു. ഭരണസമിതി തീരുമാനം നിയമാനുസൃതമല്ലെന്ന് കണ്ട് പഞ്ചായത്ത് രാജ് നിയമം 19 (4) പ്രകാരമാണ് സ്റ്റേ. വിഷയം തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലിന് കൈമാറി. ട്രൈബ്യൂണലിന്റെ അന്തിമ ഉത്തരവ് വരെ കമ്മിറ്റി തീരുമാനത്തിൽ സ്റ്റേ തുടരുമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.

പെർമിറ്റ് നിഷേധിച്ച ഭരണ സമിതി തീരുമാനം റദ്ദാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറി ആഗസ്റ്റ് 9ന് നൽകിയ കത്തിലാണ് സർക്കാർ നടപടി. ആപ്പിൾവാലി പ്ലൈവുഡ് ഫാക്ടറിക്ക് ജൂൺ 18നാണ് കരീപ്ര പഞ്ചായത്ത് കെട്ടിട നിർമ്മാണ പെർമിറ്റ് നൽകിയത്. പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിരാക്ഷേപ പത്രം ഉൾപ്പെടെയുള്ള രേഖകളുടെയും പഞ്ചായത്ത് അസി. എൻജിനീയറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പെർമിറ്റ് അനുവദിച്ചത്.

വിവരമറിഞ്ഞ പ്രദേശവാസികൾ ജനകീയ സമര സമിതി രൂപീകരിച്ച് ഫാക്ടറിക്കെതിരെ രംഗത്തെത്തി. കുടിവെള്ള സ്രോതസ്, സമീപത്തെ പാടശേഖരം തുടങ്ങിയ പരിസ്ഥിതി വിഷയങ്ങൾ ഉയർത്തിയാണ് പ്രതിഷേധിച്ചത്. ഇതേ തുടർന്ന് ഫാക്ടറി ഉടമയുടെ ഹർജിയിൽ നിലവിലുള്ള അനുമതി തുടരുന്നതിന് ആഗസ്റ്റ് 1ന് ഹൈക്കോടതിയും ഉത്തരവിട്ടു. ഇതിന് പിന്നാലെ 7ന് ചേർന്ന പഞ്ചായത്ത് സമിതി പെർമിറ്റ് റദ്ദാക്കി. സമിതിയുടെ തീരുമാനം നിയമാനുസൃതമല്ലെന്ന് കാട്ടിയുള്ള സെക്രട്ടറിയുടെ വിയോജനകുറിപ്പോടെയായിരുന്നു ഈ തീരുമാനം.

സെക്രട്ടറിയുടെ ആവശ്യപ്രകാരം 9 ന് വീണ്ടും ചേർന്ന പഞ്ചായത്ത് കമ്മിറ്റി മുൻ തീരുമാനത്തിൽ ഉറച്ചു നിന്നതോടെയാണ് നിയമ പ്രശ്നങ്ങൾ ചൂണ്ടികാട്ടി സെക്രട്ടറി സർക്കാരിനെ സമീപിച്ചത്.