കൊട്ടാരക്കര : തെരുവുനായ്ക്കളെ ഭയന്ന് കുട്ടികൾക്ക് സ്കൂളിലേക്ക് പോകാൻ ഭയപ്പെടേണ്ട അവസ്ഥയാണ്. റോഡിലും വീട്ടുമുറ്റങ്ങളിൽ പോലും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടാകുന്നു. വല്ലം ഗ്രാമത്തിന്റെ പല ഭാഗത്തും കൂട്ടം ചേർന്ന് നിൽക്കുന്ന നായ്ക്കൾ ആളുകളെ ഭീതിയിലാക്കുന്നു. വല്ലം അമ്പലം ജംഗ്ഷൻ, വല്ലം കുളം , സ്കൂൾ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കൂടുതലും നായ്‌ക്കൂട്ടമുള്ളത്. രാത്രിയിൽ വീടുകളിൽ കടന്ന് പാത്രങ്ങളും മുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്ന തുണികളും നശിപ്പിക്കുന്നു. സന്ധ്യമയങ്ങിയാൽ ഇതുവഴി പോകുന്ന ഇരുചക്രവാഹനങ്ങൾക്ക് നേരെയും ഉപദ്രവം ഉണ്ടാകാറുണ്ട്.
പരാതി നൽകിയിട്ടും നടപടിയില്ല
തെരുവുനായ്ക്കളുടെ ഉപദ്രവം ഇല്ലാതാക്കാൻ ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പല തവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തെരുവു നായ്ക്കളെ തുരത്താൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് ബി.ജെ.പി നെടുവത്തൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം അജിത് ചാലൂക്കോണം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് തുളസീധരൻപിള്ള അദ്ധ്യക്ഷനായി. ഗിരീഷ് താഴതിൽ, ശ്രീകുമാർ, വിജയൻ, രാജൻ, പ്രേംകുമാർ എന്നിവർ സംസാരിച്ചു.