കൊല്ലം: നാലുലക്ഷം രൂപ വില വരുന്ന നൂറ് ഗ്രാം എം.ഡി.എം.എയുമായി ബസ് ഡ്രൈവർ അറസ്റ്റിൽ. മയ്യനാട് നടുവിലക്കര ചേരിയിൽ കണ്ടച്ചിറ മുക്കിന് സമീപം തേങ്ങുവിളയിൽ വീട്ടിൽ വിനീഷാണ് (42) പിടിയിലായത്. ബംഗളൂരു - കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് വിനീഷ്.
കൊല്ലം ഈസ്റ്റ് പൊലീസും സിറ്റി ഡൻസാഫ് ടീമും സംയുക്തമായി നടത്തിയ നീക്കത്തിലാണ് വിനീഷ് കുടുങ്ങിയത്. ജില്ലയിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ രാസ ലഹരി വേട്ടയാണിത്. കഴിഞ്ഞ ദിവസം വൈകിട്ട് 5ന് ബംഗളൂരുവിൽ നിന്ന് ബസ് പുറപ്പെട്ടു. പ്രതിയുടെ ബാഗിനുള്ളിൽ എം.ഡി.എം.എ പൊതിഞ്ഞ് പ്ലാസ്റ്റിക് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ബസ് കൊല്ലത്തെത്തി യാത്രക്കാരെ ഇറക്കി കൊല്ലം ബീച്ചിന് സമീപം പാർക്ക് ചെയ്ത് വീട്ടിലേക്ക് പോകും വഴിയാണ് വിനീഷ് പൊലീസ് പിടിയിലായത്. പ്രതി ഏറെ നാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
ഡാൻസാഫ് ടീമിന്റെ ചുമതലയുള്ള എ.സി.പി ബിനു ശ്രീധർ, കൊല്ലം എ.സി.പി എസ്.ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ പി.കിരൺ, കൊല്ലം ഈസ്റ്റ് സബ് ഇൻസ്പെക്ടർ ഷിബിന, എ.എസ്.ഐ ജോയ്, ഡാൻസാഫ് അംഗങ്ങളായ ബൈജു ജെറോം, സിനു, സാജു, രതീഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.