കൊല്ലം: ഒരു മാറ്റത്തിന്റെ തുടക്കമായാണ് ബംഗാളിലെ സംഭവത്തെ കാണുന്നതെന്ന് ബംഗാൾ ഗവർണർ ഡോ. സി.വി.ആനന്ദബോസ് പറഞ്ഞു. കൊല്ലത്ത് നടന്ന പുസ്തക പ്രകാശനച്ചടങ്ങിനെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.ജി.കർ മെഡിക്കൽ കോളേജിലുണ്ടായ സംഭവം സമൂഹമനസാക്ഷിയെ പിടിച്ചുലച്ച ഒന്നാണ്. ബംഗാൾ മാത്രമല്ല ഇന്ത്യ മുഴുവൻ അതിൽ ദുഃഖിക്കുകയും പ്രതിഷേധിക്കുകയുമാണ്. സുപ്രീംകോടതി തന്നെ വളരെ രൂക്ഷമായ രീതിയിൽ വിമർശിച്ചിട്ടുണ്ട്. രവീന്ദ്രനാഥ ടാഗോറിന്റെ ബംഗാളിലാണ് ഇത് നടന്നത്. നിലവിലെ പ്രത്യേക സാഹചര്യത്തെ നേരിടാനുള്ള ശക്തി ഇന്ത്യൻ ഭരണഘടനയ്ക്കുണ്ട്. സി.ബി.ഐ അന്വേഷണത്തിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷ. ബംഗാളിൽ അക്രമവും അഴിമതിയും കൊടികുത്തിവാഴുകയാണ്. ഈജിയൻ തൊഴുത്തായി മാറിയ പശ്ചിമബംഗാളിനെ കഴുകി വൃത്തിയാക്കിയേ മതിയാകൂ എന്ന സാഹചര്യമാണുള്ളത്. ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.