അഞ്ചാലുംമൂട്: കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ജനവാസ മേഖലയിൽ കരിങ്കൽ ഉത്പന്ന വിപണന യൂണിറ്റിന് കോർപ്പറേഷൻ അധികൃതർ അനധികൃതമായി ലൈസൻസ് നൽകിയെന്ന് ആരോപിച്ച് ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അഞ്ചാലുംമൂട് സോണൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.
അങ്കണവാടി, റേഷൻകട, ബസ് സ്റ്റോപ്പ്, കോളനി, ഹെൽത്ത് സെന്റർ എന്നിവയ്ക്ക് സമീപം പാറപ്പൊടി അടക്കം വിപണനം നടത്തുന്ന സ്ഥാപനം അനുവദിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പരിസരവാസികൾ രോഗങ്ങൾക്ക് അടിമകളാകുമെന്നതിന്റെ അടിസ്ഥാനത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയത്തിനുപരിയായി പ്രദേശവാസികൾ സംഘടിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിനും കൊല്ലം കോർപ്പറേഷനും കളക്ടർക്കും അടക്കം നിവേദനങ്ങൾ നൽകുകയും ചെയ്തു. എന്നിട്ടും ലൈസൻസ് നടപടികളുമായി കോർപ്പറേഷൻ മുന്നോട്ട് പോകുന്നത് മനസ്സിലാക്കി ഹൈക്കോടതിയിൽ കേസ് നൽകി. ഇതിനിടയിലാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥാപനത്തിന് തിരക്കിട്ട് ലൈസൻസ് നൽകിയത്. തുടർന്നുള്ള ദിവസങ്ങളിൽ ശക്തമായ സമരങ്ങളിലേക്ക്
നീങ്ങുമെന്ന് ജനകീയ മുന്നണി നേതാക്കൾ പറഞ്ഞു. സുകേശൻ ചൂലിക്കാട് അദ്ധ്യക്ഷത വഹിച്ചു. ജോയി അഗസ്റ്റിൻ, സിന്ധുറാണി, ബി. അനിൽകുമാർ, അമാനുള്ള വില്യം ജോർജ്, എൻ ഗോപാലകൃഷ്ണൻ, കെ.ബി. ജോയി. ബി.അജിത് കുമാർ, ബി. ഉണ്ണി എന്നിവർ സംസാരിച്ചു.