കൊല്ലം: മന്ത്രി എം.ബി.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ കൊല്ലം ജില്ലാ പഞ്ചായത്തിൽ നടന്ന തദ്ദേശ അദാലത്തിൽ പരാതിയുമായി നടൻ ഷമ്മി തിലകൻ. കോർപ്പറേഷൻ പരിധിയിൽ എസ്.എൻ വിമൻസ് കോളേജിന് എതിർവശം തന്റെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്നതിനും ലൈസൻസ് പുതുക്കി നൽകാനും അദാലത്തിൽ ശ്രമമുണ്ടാകുമെന്നറിഞ്ഞാണ് നടൻ എത്തിയത്.
പരാതി കെ-സ്മാർടിൽ രജിസ്റ്റർ ചെയ്തിരുന്നു. സ്ഥാപനത്തിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ടെന്നും നടൻ പറഞ്ഞു. കോർപ്പറേഷനെതിരെ ക്ഷുഭിതനായാണ് നടൻ പ്രതികരിച്ചത്. തന്നെ കേൾക്കാതെയും കോടതി വിധികൾ പരിഹരിക്കാതെയും സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കി നൽകാനും ക്രമവത്കരിക്കുന്നതിനും അദാലത്തിൽ അവതരിപ്പിച്ച് തീരുമാനം കൈകൊള്ളുന്നത് ചട്ടവിരുദ്ധമാണെന്നും ഷമ്മി തിലകൻ പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ച് വിഷയം കേട്ട മന്ത്രി വകുപ്പ് തലത്തിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നറിയിച്ച് അദ്ദേഹത്തെ മടക്കി.