കരുനാഗപ്പള്ളി: ഗോവൻ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കരുനാഗപ്പള്ളി ആയിരംതെങ്ങ് അഴീക്കൽ പാലത്തിന് വടക്ക് വാടകയ്ക്ക് താമസിക്കുന്ന ശ്രുതി നിവാസിൽ അനന്തു ലാലിനെയാണ് (28) കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇയാൾ അറിയപ്പെടുന്ന യുട്യൂബറും കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ കോ- ഓർഡിനേറ്ററുമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ നിന്ന് ഗോവൻ മദ്യം കണ്ടെടുത്തത്. വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്ന് 40 പായ്ക്കറ്റ് പാൻ മസാലയും പത്ത് കുപ്പി വിദേശമദ്യവും കണ്ടെടുത്തു.
പരിശോധനയിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ലതീഷ്, ഇൻസ്പെക്ടർ മനോജ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.വി.എബിമോൻ, ഐ.ബി പ്രിവന്റീവ് ഓഫീസർ ആർ.മനു, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, അഭിലാഷ്, മോളി, പ്രിയങ്ക, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.