കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സമയബന്ധിതമായി ഫയലുകൾ തീർപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. തീർപ്പാകാതെ കിടക്കുന്നതും നിയമപരമായി തീർപ്പാക്കാനാവുന്നതുമായ ഫയലുകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കുന്നതിനാണ് ജില്ലാതലത്തിൽ തദ്ദേശ അദാലത്തുകൾ നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ജില്ലാതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചട്ടങ്ങളുടെ ദുർവ്യാഖ്യാനം, യാന്ത്രികമായ വ്യാഖ്യാനം, ചട്ടങ്ങളുടെ അതിവായന എന്നിവ മൂലം ന്യായമായ അവകാശങ്ങൾ ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് അദാലത്ത് നടത്തുന്നത്. എന്നാൽ നിയമങ്ങളിൽ ഇളവ് നൽകുകയോ വെള്ളം ചേർക്കുകയോ ചെയ്തുകൊണ്ട് അന്യായമായി ഒരു ഫയലിലും തീർപ്പ് കൽപ്പിക്കുകയില്ലെന്നും മന്ത്രി പറഞ്ഞു.
അദാലത്തിൽ മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചില ചട്ടങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. എം.നൗഷാദ് അദ്ധ്യക്ഷനായി. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, തദ്ദേശഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, കളക്ടർ എൻ.ദേവിദാസ്, മറ്റു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.