കൊല്ലം: മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ നടന്ന തദ്ദേശ അദാലത്തിൽ ആകെ ലഭിച്ച 1679 പരാതികളിൽ 1139 പരാതികളും തീർപ്പാക്കി. ഇതിൽ 997 എണ്ണവും (87.5%) പരാതിക്കാർക്ക് അനുകൂലമായാണ് തീർപ്പാക്കിയത്. ബാക്കിയുള്ള പരാതികൾ രണ്ടാഴ്ചയ്ക്കകം പരിഹരിക്കും. പെർമിറ്റ് പ്രകാരം കെട്ടിടം നിർമ്മിച്ചിട്ടും ഒക്യുപൻസി ലഭിച്ചില്ലെന്ന പരാതിയുമായി എത്തിയ ശാസ്താംകോട്ട, കല്ലുവാതുക്കൽ സ്വദേശികൾക്ക് നിയമപ്രകാരമുള്ള നടപടികൾ പാലിച്ച് ഇവരുടെ അപേക്ഷ പരിഗണിക്കാൻ നിർദ്ദേശിച്ചു. രണ്ട് വിഷയത്തിലും പെർമിറ്റ് കൊടുത്ത സമയത്തുതന്നെ ചട്ടലംഘനമുണ്ട്. വേണ്ടത്ര പരിശോധനയില്ലാതെ പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി, വകുപ്പുതല നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഇതിൽ ഒരു കേസിൽ പെർമിറ്റ് നൽകിയ ഉദ്യോഗസ്ഥൻ തന്നെയാണ് പൂർത്തീകരണ സമയത്ത് ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തി നമ്പർ നിഷേധിച്ചത്. ചട്ടലംഘനത്തോടെ പ്ലാൻ തയ്യാറാക്കിയ ലൈസൻസ്ഡ് ബിൽഡിംഗ് എൻജിനിയർ, സൂപ്പർവൈസർക്കെതിരെയും നടപടി സ്വീകരിക്കും. സമാന കേസുകളിൽ പൊതു സമീപനം സ്വീകരിക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൊല്ലം കോർപ്പറേഷനിലെ തീരദേശ മേഖലയിലെ തൊഴിലാളികളുടെ വീടുകളുമായി ബന്ധപ്പെട്ടുള്ള പരാതികളുമായി നാല് കൗൺസിലർമാർ അദാലത്തിനെ സമീപിച്ചു. 60 ചതുരശ്ര മീറ്റർ വരെയുള്ള അവരവർ താമസിക്കുന്ന വീടുകൾക്ക് നികുതി ഒഴിവാക്കിയ ആനുകൂല്യം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി കോർപ്പറേഷന് നിർദ്ദേശം നൽകി. ഇവർക്ക് യു.എ നമ്പർ അനുവദിക്കാൻ അദാലത്ത് തീർപ്പ് കൽപ്പിച്ചു. പട്ടയത്തിന്റെ അടിസ്ഥാനത്തിൽ ഉടമസ്ഥാവകാശം അനന്തരാവകാശികൾക്ക് മാറ്റിനൽകും. ഭവന പുനരുദ്ധാരണ സഹായത്തിനുള്ള തടസം കോർപ്പറേഷന്റെ ശുപാർശ ലഭിക്കുന്നത് അനുസരിച്ച് സർക്കാർ പരിശോധിക്കും. ഓടയുടെ മുകളിൽ സ്ലാബിട്ട് നടപ്പാതയാക്കിയതിനാൽ പെർമിറ്റ് നല്കാത്ത വിഷയത്തിന് പരിഹാരം കണ്ടു. ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് പെർമിറ്റ് അനുവദിക്കാൻ ഉത്തരവായി. ദൂരപരിധിയുടെ പേരിൽ ഓട്ടിസം ബാധിതനായ കുട്ടി ഉപയോഗിക്കുന്ന ടോയ്ലെറ്റ് പൊളിക്കാനുള്ള നിർദ്ദേശം റദ്ദാക്കി.
ഭിന്നശേഷിക്കാരനായ കുട്ടിക്കും കുടുംബത്തിനും വേണ്ടി മാത്രം തോടിന് കുറുകെ പുതിയ പാലം നിർമ്മിക്കാനും മന്ത്രി നിർദ്ദേശം നൽകി. കൊല്ലം കോർപ്പറേഷനിലുള്ള പ്രമാണം തിരികെ ലഭിക്കണമെന്നതായിരുന്നു ശക്തികുളങ്ങര സ്വദേശി ജോസഫിന്റെ അപേക്ഷ. 1998-2001 കാലഘട്ടത്തിൽ കൊല്ലം ഡെവലപ്പ്മെന്റ് അതോറിറ്റിയിൽ നിന്ന് സമാന നിലയിൽ ലോണെടുത്ത 52 പേരുടെ പലിശ എഴുതിത്തള്ളാൻ മന്ത്രി നിർദ്ദേശം നൽകി. ജോസഫിന്റെ ലോണിന്റെ പലിശ പൂർണമായി ഒഴിവാക്കി, മുതൽ മാത്രം ഈടാക്കുന്ന രീതിയിൽ, ഒറ്റത്തവണ തീർപ്പാക്കൽ എന്ന നിലയിൽ ആവശ്യമായ തീരുമാനം കോർപ്പറേഷൻ കൗൺസിൽ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.