കൊല്ലം: അത്ഭുതമായി ആശ്രാമം മൈതാനത്തെ ഓഷ്യൻ എക്സിബിഷനിലെ റോബോ നായ്ക്കുട്ടികൾ. നാളെ നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിന്റെയും ആണെന്ന് കൂടി ഓർമ്മിപ്പിക്കുന്നതാണ് ദി ഓഷ്യൻ എക്സ്പോ.

റോബോട്ടിക്സ് സ്റ്റാളിലേക്ക് എത്തുന്നവരെ സ്വീകരിക്കുന്നതും സാൻ ബോട്ടുകളാണ്. പാട്ടിന്റെ താളത്തിനൊത്ത് അതി മനോഹരമായി ചുവടുവയ്ക്കുന്ന റോബോട്ടിക് നായ്ക്കുട്ടികളാണ് മറ്റൊരു ആകർഷണം. ഭാവിയിൽ വീടിന്റെ കാവൽക്കാരായി ഇവർ മാറുമെന്നതിന്റെ തെളിവാണ് മേളയിലെ റോബോ നായ്ക്കുഞ്ഞുങ്ങളുടെ പ്രകടനം. ശരിക്കുമൊരു വളർത്ത് നായയുടെ എല്ലാ രീതികളും പിന്തുടരാനാകുമെന്ന രീതിയിലാണ് ഇവയുടെ സൃഷ്ടി. യുണീക് വേൾഡ് റോബോട്ടിക്സാണ് റോബോട്ടുകളുടെ ഈ യാന്ത്രിക മായികലോകത്തിന് പിന്നിൽ.

കുട്ടികൾക്കായുള്ള അമ്യൂസ്മെന്റ് പാർക്കും എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള ഗെയിം സ്പോട്ടും ഫുഡ് കോർട്ടും ഉൾപ്പടെ മേളയിലുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ രാത്രി 9 വരെയുമാണ് മേളയുടെ സമയം. 150 രൂപയാണ് ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കും.