കൊല്ലം: ബി.പി.എൽ വിഭാഗത്തിലെ 60 വയസിന് മുകളിലുള്ള പ്രമേഹ ബാധിതർക്ക് ലാബുകളിൽ പോവാതെ വീട്ടിലിരുന്ന് രോഗാവസ്ഥ പരിശോധിക്കാനുള്ള 'വയോമധുരം' പദ്ധതി സജീവമാക്കാൻ സാമൂഹ്യനീതി വകുപ്പ്.
സൗജന്യമായി ഗ്ലൂക്കോമീറ്ററും സ്ട്രിപ്പും നൽകുന്നതാണ് പദ്ധതി. വകുപ്പിന്റെ 'സുനീതി' പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവർക്ക് സർക്കാർ അംഗീകൃത മെഡിക്കൽ ഉപകരണങ്ങളുടെ വിതരണ ഏജൻസിയായ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനാണ് ഗ്ലൂക്കോമീറ്റർ വിതരണം ചെയ്യുന്നത്.
കഴിഞ്ഞ വർഷം സംസ്ഥാനത്തൊട്ടാകെ 666 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 535 ഗ്ലൂക്കോമീറ്ററുകളും സ്ട്രിപ്പും വിതരണം ചെയ്തു. വെബ്‌സൈറ്റിൽ നൽകിയ അപേക്ഷകളിൽ മതിയായ രേഖകൾ നൽകാതിരുന്നതിനെ തുടർന്നാണ് 131 അപേക്ഷകൾ നിരസിച്ചത്. കഴിഞ്ഞ വർഷം ജില്ലയിൽ 12 അപേക്ഷകളാണ് ലഭിച്ചത്. ഈ വർഷം പദ്ധതിയിലേക്ക് ഇതുവരെ 24 അപേക്ഷകൾ ലഭിച്ചു. ഡിസംബർ വരെ അപേക്ഷ നൽകാം. ഈ വർഷം കൂടുതൽ അപേക്ഷകർ എത്തുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യനീതി വകുപ്പ്.
പ്രചാരണമില്ല, അപേക്ഷകർ കുറവ്
വേണ്ടത്ര പ്രചാരണം ലഭിക്കാത്തതുമൂലം അപേക്ഷകർ കുറവ്
2018 ലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്
മാനദണ്ഡങ്ങൾ
അപേക്ഷകൻ പ്രമേഹ രോഗിയാണെന്നുള്ള ഡോക്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കണം
60 വയസോ അതിനു മുകളിലോ പ്രായം വേണം
ബി.പി.എൽ വരുമാന പരിധിയിൽപ്പെട്ട ആളായിരിക്കണം
അപേക്ഷിക്കേണ്ട വിധം
suneethi.sjd.kerala.gov.in എന്ന പോർട്ടൽ വഴിയോ അക്ഷയകേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം
യുസർ ഐ.ഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷയുടെ സ്ഥിതി പരിശോധിക്കാം
പ്രായം തെളിയിക്കുന്ന രേഖകൾ നൽകണം
എൻ.ആർ.എച്ച്.എം ഡോക്ടർ സാക്ഷ്യപ്പെടുത്തിയ പ്രമേഹ രോഗ സർട്ടിഫിക്കറ്റ് നൽകണം
സ്വയം സാക്ഷ്യപ്പെടുത്തിയ ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷനിൽ നിന്നുള്ള ബി.പി.എൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച ബി.പി.എൽ പരിധിയിലെ വരുമാന സർട്ടിഫിക്കറ്റ്
വയോമധുരം പദ്ധതിയിൽ ഗ്ലൂക്കോമീറ്റർ ലഭിച്ചിട്ടുള്ള വൃദ്ധർക്ക് ടെസ്റ്റ് സ്ട്രിപ്പുകൾ ലഭിക്കാനുള്ള അപേക്ഷയും സമർപ്പിക്കാം.
സാമൂഹ്യനീതി വകുപ്പ് അധികൃതർ