കൊല്ലം: കൂടുതൽ സാമഗ്രികൾ എത്തിച്ച് പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ, ഒരു വർഷത്തേക്കുകൂടി നിർമ്മാണ കാലാവധി നീട്ടി നൽകാൻ സർക്കാർ അനുമതി. പിഴ കൂടാതെയാണ് കാലാവധി നീട്ടുന്നത്. രണ്ടു വർഷം വേണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. എന്നാൽ ഒരു വർഷത്തേക്കാണ് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) അനുമതി നൽകിയിരിക്കുന്നത്.
പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്ലാബുകൾ റോപ്പ് ഉപയോഗിച്ച് താങ്ങിനിറുത്താനുള്ള രണ്ട് പൈലോണുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. അതിന് ശേഷം മദ്ധ്യഭാഗത്തെ മൂന്ന് സ്ലാബുകൾ പൂർത്തിയാക്കാൻ രണ്ട് വർഷം വേണമെന്നാണ് കമ്പനിയുടെ നിലപാട്. പൈലോണിൽ നിന്ന് ഇരുവശത്തേക്കും ആറ് മീറ്റർ വീതം വീതിയിൽ ഘട്ടംഘട്ടമായാണ് സ്ലാബ് നിർമ്മിക്കുന്നത്. ഒരു പൈലോണിൽ നിന്നു സ്ലാബുകൾ നിർമ്മിക്കാനുള്ള ഷട്ടറും ഗാന്ററി ക്രൈയിനും മാത്രം എത്തിക്കാനാണ് കരാർ കമ്പനിയുടെ ആലോചന. ഒരു പൈലോൺ പൂർത്തിയായ ശേഷമേ രണ്ടാമത്തേതിൽ നിർമ്മാണം ആരംഭിക്കു. എന്നാൽ രണ്ട് സെറ്റ് സ്ലാബ് ഷട്ടറുകളും ഗാന്ററി ക്രെയിനുകളും എത്തിച്ച് രണ്ട് പൈലോണുകളിലും ഒരുമിച്ച് നിർമ്മാണം നടത്തണമെന്നാണ് കെ.ആർ.എഫ്.ബിയുടെ നിർദ്ദേശം. ഒരു വർഷത്തിനുള്ളിൽ പൂർത്തിയായില്ലെങ്കിൽ പിഴയോടുകൂടിയെ കരാർ കാലാവധി പിന്നീട് നീട്ടി നൽകുകയുള്ളൂ.
ഡിസൈൻ തർക്കത്തിൽ നിർമ്മാണം നീണ്ടു
ആദ്യകാലാവധി ഒന്നരവർഷം
അവസാനിച്ചത് 2022 ഏപ്രിലിൽ
നാലാമത് നീട്ടിനൽകിയ കാലാവധി അവസാനിച്ചത് 2024 മാർച്ചിൽ
ഇനി നീട്ടുന്നത് 2025 സെപ്തംബർ വരെ
കരാർ കമ്പനി ആവശ്യപ്പെടുന്നത് 2026 ഡിസംബർ വരെ
കാലാവധി നീട്ടുന്നത്
5-ാം തവണ
പൈലോൺ നിർമ്മാണം
50 %
പിഴ കൂടാതെ കരാർ കാലാവധി നീട്ടാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കിഫ്ബിയുമായി ചർച്ച നടത്തിയ ശേഷം നീട്ടിനൽകുന്ന കാലാവധിയിൽ അന്തിമ തീരുമാനമെടുക്കും
കെ.ആർ.എഫ്.ബി അധികൃതർ