പുന്നല: വളർത്ത് നായ ചത്തത് ചെന്നായ്‌ക്കൂട്ടത്തിന്റെ ആക്രമണത്തിലെന്ന സംശയത്തിൽ വനപാലകർ. പിറവന്തൂർ പഞ്ചായത്തിലെ കണിയാംപടിക്കൽ ആനകുളം ബിന്ദുവിലാസത്തിൽ രമണിയമ്മയുടെ വളർത്തു നായയെയാണ് കഴിഞ്ഞ ദിവസം ശരീരഭാഗങ്ങൾ ചിന്നിചിതറിയ നിലയിൽ കണ്ടെത്തിയത്. സ്ഥിരമായി തൊഴുത്തിൽ കെട്ടിയിരുന്ന നായയെ സംഭവദിവസം പുറത്ത് ഓട്ടാറിക്ഷയിലാണ് കെട്ടിയിരുന്നത്. ജഡത്തിന്റെ രീതി കണക്കിലെടുത്താണ് ചെന്നായ്‌ക്കൂട്ടത്തെ സംശയിക്കുന്നത്. പുലിയും കടുവയും സാധാരണ ശരീരഭാഗങ്ങൾ കടിച്ചെടുത്ത് ഭക്ഷിക്കാനായി കൊണ്ട് പോകുന്നതാണ് രീതി. എന്നാൽ കടിച്ചു കുടഞ്ഞു ഭാഗങ്ങൾ തീരെ അവശേഷിപ്പിക്കാതെയാണ് നായയുടെ ജഡം കണ്ടത്. മാത്രമല്ല പാന്റേഷൻ തോട്ടത്തിൽ സാധാരണയായി പുലികൾ വസിക്കാറില്ലെന്നും പറയുന്നു. അനായാസം ദാഹമകറ്റാനുള്ള ജലസ്രോതസ് പുലികളുടെ ആവാസ വ്യവസ്ഥയ്‌ക്ക് പ്രധാനമാണത്രെ. പച്ചപ്പും കാട്ടുമൃഗങ്ങളുടെ ആവാസവ്യവസ്ഥയെ സ്വാധീനിക്കുന്നു.

പ്രദേശത്ത് രണ്ട് നിരീക്ഷണ കാമറകൾ സ്ഥാപിച്ചെങ്കിലും ഇതുവരെ കാട്ടുമൃഗങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്ന ദൃശ്യങ്ങൾ ലഭ്യമായിട്ടില്ലെന്ന് അമ്പനാർ ഫോറസ്‌റ്റ് അധികൃതർ പറയുന്നു.രണ്ട് ദിവസത്തിന്റെ ഇടവേളകളിലാണ് കാമറകൾ പരിശോധിക്കുന്നത്.