ഓടനാവട്ടം: വെളിയം ഗ്രാമ പഞ്ചായത്തിൽ കാർഷിക വരുമാനം വർദ്ധിപ്പിക്കാൻ സാദ്ധ്യതകളേറെയാണെന്നും അതുവഴി തൊഴിൽ മേഖലകൾ ശക്തിപ്പെടുത്തണമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഓടനാവട്ടത്ത് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെളിയം പഞ്ചായത്തിന്റെ സമഗ്ര വികസന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനായി ക്ഷീര കർഷകർ ഉൾപ്പടെയുള്ളവരുടെ കൂട്ടായ ശ്രമമാണ് വേണ്ടത്. ഒരുലക്ഷം തെങ്ങിൻ തൈകൾ ബ്ലോക്ക് പഞ്ചായത്ത് മുഖേന സൗജന്യമായി പഞ്ചായത്തിന് നൽകും. മരുതിമല ഉൾപ്പടെയുള്ള ടൂറിസം മേഖലകൾ ശക്തിപെടുത്തുകയും വെളിയം, ഓടനാവട്ടം കേന്ദ്രങ്ങളിൽ അത്യാധുനിക കംഫർട്ട് സ്റ്റേഷനുകൾ നിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ആർ.പ്രശാന്ത് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ.ബിനോജ്, വൈസ് പ്രസിഡന്റ് ജയാ രഘുനാഥ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ബി.പ്രകാശ്, കെ.സോമശേഖരൻ, മുൻ വൈസ് പ്രസിഡന്റ് കെ.രമണി, വാർഡ് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ വയനാട് ദുരന്തമേഖലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള പഞ്ചായത്ത് വക 10 ലക്ഷം രൂപയുടെ ചെക്ക് , സി.ഡി.എസ് സ്വരൂപിച്ച ഫണ്ട്, തുടങ്ങിയവ പഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് കൈമാറി. ഭവന പദ്ധതിയുടെ ആദ്യ ഗഡു മന്ത്രി വിതരണം ചെയ്തു.