കൊല്ലം: ശക്തികുളങ്ങരയി​ലെ ഒന്നു മുതൽ നാലുവരെ ഡി​വി​ഷനുകളി​ൽ കുടിവെള്ളം മുടങ്ങി​ ആഴ്ചകളായിട്ടും അധി​കൃതർ അനങ്ങുന്നി​ല്ല. ഇടപ്പാടം, കീർത്തിനഗർ, ഐശ്യര്യ നഗർ, ചക്കിണാത്തറ, കല്ലുമ്പുറം എന്നിവിടങ്ങളിലെ 400ഓളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്.

ആഴ്ചയിൽ ഒരു ദിവസം രാവിലെ ഒരുമണിക്കൂർ നേരം കിട്ടുന്ന വെള്ളം ശേഖരിച്ചാണ് ഭൂരിഭാഗം വീട്ടുകാരും ദിവസങ്ങൾ കഴിച്ചു കൂട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ഒരു മണിക്കൂർപോലും വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. കുടിവെള്ളത്തിന്റെ ദൗർലഭ്യം മൂലം ദൂരെ സ്ഥലങ്ങളിലെ കിണറുകളിൽ നിന്ന് വെള്ളമെത്തിച്ചും വല്ലപ്പോഴും ലഭിക്കുന്ന വെള്ളം ശേഖരിച്ചും പുറത്ത് നിന്ന് വിലകൊടുത്ത് വാങ്ങുന്ന വെള്ളം ഉപയോഗിച്ചുമാണ് പ്രദേശത്തെ കുടുംബങ്ങൾ കഴി​യുന്നത്. അടിയന്തര ഘടത്തിൽ കോർപ്പറേഷന്റെ വാഹനത്തിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഇത് പലപ്പോഴും പര്യാപ്തമാകാത്ത സ്ഥിതിയാണ്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ താഴ്ന്ന ഇടമായതി​നാൽ കിണർ കുഴിക്കാനും കിണർ വെള്ളം ഉപയോഗിക്കാനുമാവാത്ത അവസ്ഥയുണ്ട്. തി​നാൽത്തന്നെ വാട്ടർ അതോറി​ട്ടി​യുടെ പൈപ്പ് ലൈനായി​രുന്നു നാടി​ന്റെ ആശ്രയം.

അമൃത് പദ്ധതി പ്രകാരം എല്ലാ വീടുകൾക്കും പൈപ്പ് ലൈൻ അനുവദിച്ചതിനാൽ പ്രദേശത്തെ പൊതുടാപ്പുകൾ കോർപ്പറേഷൻ കട്ട് ചെയ്തതും കുടിവെള്ളക്ഷാമം രൂക്ഷമാകാൻ വഴി​യൊരുക്കി​.

വി​ല്ലനായി​ എൻഡ് ക്യാപ്പ്

ദേശീയപാത വി​കസനത്തി​ന്റെ ഭാഗമായി റോഡ് കുഴിക്കുന്നതിനിടെ പൈപ്പുകൾ പൊട്ടാറുണ്ട്. ഇത് പരിഹരിക്കാൻ ദേശീയപാത നിർമ്മാണകമ്പനി അധികൃതർ പൈപ്പ് പൊട്ടിയ ഭാഗത്ത് എൻഡ് ക്യാപ് വച്ച് അടയ്ക്കുന്നതിനാൽ പീന്നീട് മറ്റിടങ്ങളിലേക്ക് വെള്ളം എത്താത്ത അവസ്ഥയുമുണ്ട്. എൻഡ് ക്യാപ് ഉപയോഗിക്കുന്നതിനാൽ എവിടെയാണ് പൈപ്പ് പൊട്ടിയതെന്ന് കണ്ടുപിടിക്കാനാകാതെ കുഴയുകയാണ് കോർപ്പറേഷനും വാട്ടർ അതോറിട്ടി​യും. പലതവണ ജനപ്രതിനിധികൾ ഉൾപ്പെടെ പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. കോർപ്പറേഷനും വാട്ടർ അതോറിട്ടി​യും തമ്മിലുള്ള തർക്കങ്ങളും കുടിവെള്ള വിതരണം മുടങ്ങുന്നതിന് കാരണമായിട്ടുണ്ട്.

ശാസ്താംകോട്ട വെള്ളവുമി​ല്ല!

മുൻപ് പലതവണ ഈ പ്രദേശങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളക്ഷാമം ഉണ്ടായിരുന്നു. ജനകീയ പ്രക്ഷോഭം ശക്തമായതോടെയാണ് അന്ന് പ്രശ്‌നം പരിഹരിക്കാനായത്. നേരത്തെ ശാസ്താംകോട്ടയിൽ നിന്ന് നേരിട്ട് പമ്പ് ചെയ്തിരുന്നപ്പോൾ കുടിവെള്ളവിതരണം തടസമില്ലാതെ നടന്നിരുന്നു. എന്നാൽ ഇപ്പോൾ ശാസ്താംകോട്ടയി​ൽ നിന്നുള്ള ജലവിതരണത്തിൽ കുറവ് വന്നതും പ്രദേശത്തെ കുടിവെള്ളക്ഷാമം രൂക്ഷമാക്കി.


ആൽത്തറമൂടിന് സമീപത്ത് കുഴൽക്കിണർ ഉൾപ്പെടെ കുഴിച്ചാൽ കുടിവെള്ള പ്രശ്‌നത്തിന് താത്കാലിക പരിഹാരമാകും. കോർപ്പറേഷൻ അധികൃതരുടെ കെടുകാര്യസ്ഥതയാണ് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകാൻ കാരണം. അടിയന്തരമായി പരിഹാര നടപടികൾ ചെയ്യണം

എം. പുഷ്പാംഗദൻ

ഡിവിഷൻ കൗൺസിലർ