പുനലൂർ: ജില്ലയുടെ കിഴക്കൻ ഉൾവന മേഖലയായ റോസ് മലയിൽ മഞ്ഞപ്പിത്തം പടരുന്നു. ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും വേണ്ടത്ര പാലിക്കാത്തത്തിനാൽ രോഗം പടരുന്നത് ഫലപ്രദമായി തടയാനാകുന്നില്ലെന്ന് ആരോഗ്യ വകുപ്പ്. മഞ്ഞപ്പിത്തം ബാധിച്ചവർ ഐസൊലേഷനിൽ കഴിയണമെന്ന നിർദ്ദേശം പാലിക്കാത്തതാണ് രോഗം നിയന്ത്രണ വിധേയമാകാത്തതിന് കാരണമെന്ന് പറയുന്നു. ഒരാൾക്ക് രോഗം പിടിപെട്ടാൽ വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം പാടില്ലെന്ന കർശന നിർദ്ദേശങ്ങൾ നൽകി കുളത്തൂപ്പുഴ സാമൂഹ്യാരോഗ്യ കേന്ദ്രം പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്.
മെഡിക്കൽ സംഘത്തെ വിന്യസിക്കണം
ഉൾവനമേഖലയായതിനാൽ വന്യമൃഗശല്യവും റോഡിന്റെ ശോച്യാവസ്ഥയും കാരണം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് അവിടെ എത്താനും വേണ്ടത്ര മുൻകരുതൽ എടുക്കാനും കഴിയുന്നില്ലെന്ന ആക്ഷേപവമുണ്ട്. ബന്ധുവീടുകളിൽ വന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടുന്നവരും ഉണ്ട്. അടിയന്തരമായി മേഖലയിൽ പ്രതിരോധ പ്രവർത്തനത്തിനായി ഒരു മെഡിക്കൽ സംഘത്തെ വിന്യസിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...
1. എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കുക.
2. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.
3. കൊഴുപ്പുള്ളതും എണ്ണ അടങ്ങിയതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക
4. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങൾ പാടില്ല.
5. മദ്യപാനം, പുകവലി എന്നിവ തീർത്തും ഒഴിവാക്കുക.
6. ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.
7. ഐസ് ക്രീം, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കാം.
8. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.
ലക്ഷണങ്ങൾ
രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. ചർമ്മത്തിലും കണ്ണുകളിലും നഖത്തിലും കാണുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, പനി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.