veg
പച്ചക്കറി

കൊല്ലം: വിപണിയിൽ കത്തിക്കയറി നിന്ന പച്ചക്കറി വിലയിൽ നേരിയ ആശ്വാസം. ഒഴിവാക്കാനാകാത്ത പച്ചക്കറികൾക്കെല്ലാം രണ്ടാഴ്ച മുമ്പ് വരെ തീവിലയായിരുന്നു. എന്നാൽ ഇപ്പോൾ രണ്ട് മൂന്ന് ഇനങ്ങൾക്കൊഴികെ ബാക്കിയുള്ളവയ്ക്ക് പത്തും ഇരുപതും രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വെളുത്തുള്ളി, സവാള, ക്യാരറ്റ്, ചേന എന്നിവയ്ക്കാണ് താരതമ്യേന വിലകൂടുതൽ. വെളുത്തുള്ളിയുടെ വിലയിലാണ് ദിനംപ്രതി വർദ്ധനവ്. കിലോയ്ക് 220 ഉണ്ടായിരുന്ന വെളുത്തുള്ളിയുടെ ഇപ്പോഴത്തെ ഹോൾസെയിൽ വില 230 ആണ്. എന്നാൽ കിലോയ്ക്ക് 170 രൂപ ഹോൾസെയിൽ വില ഉണ്ടായിരുന്ന ഇഞ്ചിക്ക്10 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. വെണ്ടയ്ക്ക, പച്ചമുളക്, പടവലം, ക്യാബേജ്, മുരിങ്ങ, ബീറ്റ്റൂട്ട്, ചെറിയ ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ്, അമരയ്ക്ക, വഴുതന, തടിയൻകാ എന്നിവയ്കും പത്തും ഇരുപതും രൂപയുടെ വില കുറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽ ഉത്പാദനം വർദ്ധിച്ചതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. കോയമ്പത്തൂർ, പാവൂർ സത്രം, തിരുനെൽവേലി, മൈസൂർ, മേട്ടുപ്പാളയം, അലൻകുളം, കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേയ്ക്ക് പച്ചക്കറി എത്തുന്നത്.

പച്ചക്കറിവില (ഹോൾസെയിൽ, റീട്ടെയിൽ)

വെണ്ടയ്ക്ക ₹20, ₹30

മുളക് ₹45, ₹60

പടവലം ₹30, ₹40

ക്യാബേജ് ₹40,₹50

മുരിങ്ങയ്ക്ക ₹40,₹60

ബീറ്റ്‌റൂട്ട് ₹ 50, ₹60

ചേന ₹85, ₹100

സവാള ₹ 53, ₹60

ചെറിയ ഉള്ളി ₹45, ₹55

ക്യാരറ്റ് ₹ 100, ₹120

തക്കാളി ₹30, ₹40

ഇഞ്ചി ₹ 160, ₹ 200

ഉരുളക്കിഴങ്ങ് ₹45, ₹ 55

വെളുത്തുള്ളി ₹ 230, ₹ 260

വഴുതന ₹ 40, ₹ 50

അന്യസംസ്ഥാനങ്ങളിൽ പച്ചക്കറി ഉത്പാദനം വർദ്ധിച്ചതാണ് ഇപ്പോൾ വില കുറയാൻ കാരണം. ഓണത്തിന് അധിക വിലവർദ്ധനവിന് സാദ്ധ്യതയില്ല.

വ്യാപാരികൾ