കൊല്ലം: ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജിവയ്ക്കണമെന്നോ വേണ്ടെന്നോ താൻ പറയില്ലെന്ന് എം.മുകേഷ് എം.എൽ.എ. രഞ്ജിത്തിനെതിരെയുള്ള ആരോപണത്തെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടശേഷം രഞ്ജിത്ത് നിരപരാധിയാണെന്ന് തെളിഞ്ഞാൽ പിന്നെ അദ്ദേഹത്തിന്റെ മുഖത്ത് എങ്ങനെ നോക്കും. രാജി വയ്ക്കേണ്ടതില്ലെന്ന് പറഞ്ഞാൽ അദ്ദേഹം തെറ്റുകാരനാണെങ്കിൽ അവിടെയും പ്രശ്നമുണ്ട്. അവരവരുടെ ആത്മവിശ്വാസവും മനഃസാക്ഷിയും അനുസരിച്ചുള്ളതാണ് രാജി തീരുമാനം. സിനിമയിലെ പവർ ഗ്രൂപ്പിനെ കുറിച്ച് അറിയില്ല. പവർ ഗ്രൂപ്പൊന്നും നിലനിൽക്കില്ല. ആരെയും സിനിമയിൽ നിന്ന് ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരെങ്കിലും സ്ത്രീകളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. പെൺകുട്ടികൾക്ക് ഒറ്റയ്ക്കുപോയി അഭിമാനത്തോടെ കലാരംഗത്ത് പ്രവർത്തിച്ച് കുടുംബത്തെ പോറ്റാനുള്ള സാഹചര്യമുണ്ടാകണം. അമ്മ സംഘടനയിലെ കാര്യങ്ങൾ അതിന്റെ ഭാരവാഹികൾ പറയും. ഹേമ കമ്മിറ്റിയെ നിയോഗിച്ചത് അഭിനന്ദനാർഹമാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.