കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എല്ലാ റെയിൽവേ ക്രോസുകൾക്കും കുറുകെ ആർ.ഒ.ബി നിർമ്മിക്കാൻ റെയിൽവേ അനുമതി നൽകിയതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. എം.എൽ.എമാരുടെയും റെയിൽവേയുടെയും ആർ.ഒ.ബി നിർമ്മാണ ചുമതലയുളള സംസ്ഥാന ഏജൻസിയുടെയും ഉന്നതതല യോഗത്തിൽ ആർ.ഒ.ബികളുടെ നിർമ്മാണ നടപടികൾ വിലയിരുത്തി.
കുണ്ടറയിലെ പള്ളിമുക്ക്, ഇളമ്പള്ളൂർ, മുക്കട എന്നീ മേൽപ്പാലങ്ങളുടെ നിർമ്മാണം യോഗം ചർച്ച ചെയ്തു. പി.സി.വിഷ്ണുനാഥ് എം.എൽ.എയുടെ നിരന്തരമായ ഇടപെടലിൽ കുണ്ടറ പള്ളിമുക്ക് ആർ.ഒ.ബിയുടെ നിർവഹണ ഏജൻസിയായി ആർ.ബി.ഡി.സി.കെയെ നിശ്ചയിച്ചു. പ്രദേശത്തെ ഗതാഗത കുരുക്കും ഇതര സവിശേഷതകളും കണക്കിലെടുത്ത് ജി.എ.ഡി പരിഷ്കരിക്കും. കുണ്ടറ മണ്ഡലത്തിലെ റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിൽ ശാസ്ത്രീയവും സാങ്കേതികവുമായ സംയുക്ത പരിശോധന ആവശ്യമാണെന്ന് എം.പി ആവശ്യപ്പെട്ടു. റയിൽവേ, ദേശീയപാത അതോറിറ്റി, ദേശീയപാത മന്ത്രാലയം, ആർ.ബി.ഡി.സി.കെ, നാറ്റ്പാക് തുടങ്ങി ഏജൻസികൾ റയിൽവേ ഗേറ്റുകളും അപ്രോച്ച് റോഡുകളും നേരിൽ കണ്ട് സംയുക്ത പരിശോധന നടത്താനും ധാരണയായി.
എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, എം.നൗഷാദ്, റെയിൽവേ ചീഫ് എൻജിനിയർ മുരാരിലാൽ, മധുര ഡിവിഷൻ എ.ഡി.ആർ.എം എൽ.എൻ.റാവു, ഡെപ്യൂട്ടി ചീഫ് എൻജിനിയർ ചന്ദ്രുപ്രകാശ്, എക്‌സിക്യുട്ടീവ് എൻജിനിയർ എസ്.ഷൺമുഖം, റോഡ് ഫണ്ട് ബോർഡ് അസി. എക്‌സി. എൻജിനിയർ പി.ആർ.നിശ, പി.ഡബ്ല്യു.ഡി റോഡ്‌സ് അസി. എക്‌സി. എൻജിനിയർ ടി.രേഷ്മ, ആർ.ബി.ഡി.സി.കെ പ്രോജക്ട് എൻജിനിയർ മുഹമ്മദ് അൽത്താഫ്, കെ.ആർ.ഡി.സി.എൽ എൻജിനിയർ എസ്.വി.ശ്രീനാഥ് തുടങ്ങിയവർ പങ്കെടുത്തു.
നിലവിലെ പുരോഗതി
ഇളമ്പളളൂരിൽ ആർ.ഒ.ബിക്ക് റെയിൽവേ അനുമതി
മുക്കട ആർ.ഒ.ബി പിങ്ക്ബുക്കിൽ
കല്ലുംതാഴം ആർ.ഒ.ബി ജി.എ.ഡിക്ക് അംഗീകാരം
പോളയത്തോട് ആർ.ഒ.ബിയുടെ ചെലവ് റെയിൽവേ
ഭൂമി കൈമാറിയാലുടൻ ടെണ്ടർ
ഭൂമി കൈമാറിയാൽ കൂട്ടിക്കട ആർ.ഒ.ബിക്കും ടെണ്ടർ
പരവൂർ ഒല്ലാൽ ആർ.ഒ.ബിയുടെ രൂപരേഖ പരിഷ്കരിക്കണം
ഒല്ലാൽ ആർ.ഒ.ബി വീണ്ടും പിങ്ക് ബുക്കിൽ
മയ്യനാട് ആർ.ഒ.ബി നിർമ്മാണം സമയബന്ധിതമായി
എല്ലാ ആർ.ഒ.ബികളുടെയും നിർമ്മാണത്തിനുള്ള നടപടികൾ റെയിൽവേയും സംസ്ഥാന സർക്കാരും ത്വരിതപ്പെടുത്തണം.
എൻ.കെ.പ്രേമചന്ദ്രൻ എം.പി