കൊല്ലം: കശുഅണ്ടി മേഖലയെ തകർത്ത ഇടത് സർക്കാരിന്റെ നയങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പണിമുടക്കും പ്രതിഷേധ സംഗമവും നടത്തി. ചിന്നക്കടയിൽ നടന്ന സംഗമത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
യൂണിയൻ പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്.എം.പി ഉദ്ഘാടനം ചെയ്തു. പൂട്ടിപ്പോയ കശുഅണ്ടി ഫാക്ടറികൾ തുറക്കുന്നതിൽ പിണറായി സർക്കാർ സമ്പൂർണ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ പേര് പറഞ്ഞ് ബോണസടക്കം വെട്ടിക്കുറയ്ക്കുന്നതിൽ മുതലാളിമാർക്ക് ഒത്താശ ചെയ്യുകയാണ് സർക്കാരെന്നും കൊടിക്കുന്നിൽ ആരോപിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ അദ്ധ്യക്ഷനായി.
തൊഴിലാളികൾക്ക് 20 ശതമാനം ബോണസും അഞ്ച് ശതമാനം എക്‌സ്‌ഗ്രേഷ്യയും അനുവദിക്കുക, അടഞ്ഞുകിടക്കുന്ന ഫാക്ടറിയിലെ തൊഴിലാളികൾക്ക് 5000 രൂപ സമാശ്വാസം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദു കൃഷ്ണ, പി.ഹരികുമാർ, എസ്.സുഭാഷ്, ഷാജി നൂറനാട്, കോതേത്ത് ഭാസുരൻ, വിജയരാജൻ പിള്ള, പി.പ്രതീഷ് കുമാർ, വിപിനചന്ദ്രൻ, ഉണ്ണിക്കൃഷ്ണൻ, മംഗലത്ത് രാഘവൻ നായർ, മുൻ എം.എൽ.എ എഴുകോൺ നാരായണൻ, നാവായിക്കുളം നടരാജൻ, എം.എം.താഹ, ഹരിശങ്കർ, ബാബുജി പട്ടത്താനം, രതീഷ് കിളിത്തട്ടിൽ, ടി.ആർ.ബിജു, കനകദാസ് എന്നിവർ സംസാരിച്ചു.