10 ലക്ഷം രൂപയുടെ നവീകരണം
കൊട്ടാരക്കര: കോട്ടാത്തല പൂഴിക്കാട് ചിറയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഉടൻ നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിലാണ് ചിറ നവീകരിച്ചത്. ഏറെക്കാലമായി ചിറ ഉപയോഗശൂന്യമായിരുന്നു. തകർച്ചയിലായിരുന്ന സംരക്ഷണ ഭിത്തികൾ പൂർണമായും ഇടിച്ചുമാറ്റി, പുതിയത് നിർമ്മിച്ചു. ഒന്നരയാൾ പൊക്കത്തിൽ ഇരുമ്പ് നെറ്റ് നാലുവശവും സ്ഥാപിച്ചു. ചിറയിൽ അധികമായി വരുന്ന ജലം ഒഴുകിപ്പോകാൻ സംവിധാനമുണ്ടാക്കി. കൽപ്പടവുകൾ പുനർ നിർമ്മിച്ചു. റോഡിൽ നിന്ന് ചിറയിലേക്ക് ഇറങ്ങാനുള്ള വഴിയും കോൺക്രീറ്റ് ചെയ്തതോടെയാണ് നിർമ്മാണ ജോലികൾ തീർന്നത്. ചിറയിലെ മലിനജലം വറ്റിച്ച് ചെളി കോരിമാറ്റി. ഇതോടെ തെളിനീർ നിറഞ്ഞു. പ്രദേശ വാസികൾക്ക് ഇനി കുളിക്കാനും തുണി അലക്കാനുമടക്കം ചിറ ഉപയോഗിക്കാം. നീന്തൽ പരിശീലനവും തുടങ്ങാം. സമീപത്തെ പൂഴിക്കാട് ലക്ഷംവീട് കോളനി നിവാസികൾക്കാണ് കൂടുതൽ പ്രയോജനം ചെയ്യുക.
ലൈറ്റുകൾ സ്ഥാപിക്കണം
നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല നാലാം വാർഡിലാണ് പൂഴിക്കാട് ചിറ സ്ഥിതി ചെയ്യുന്നത്. അഞ്ച് സെന്റ് ഭൂമിയും വഴിയുമാണ് ഇതിനായി രേഖകളിലുള്ളത്. ജില്ലാ പഞ്ചായത്തംഗം വി.സുമാലാൽ മുൻകൈയെടുത്താണ് ചിറ നവീകരണ പദ്ധതി തയ്യാറാക്കിയത്. ചിറയ്ക്ക് ചുറ്റും അലങ്കാര കൗതുകങ്ങളും വൈദ്യുത ദീപങ്ങളും സ്ഥാപിക്കേണ്ടതുണ്ട്. സായന്തനങ്ങൾ ചിലവിടാനുള്ള പാർക്ക് ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.