കൊല്ലം: സാമൂഹ്യമാദ്ധ്യമം വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. വടകര ചോളം വയൽ പുത്തലത്ത് ഹൗസിൽ ഷംഷീർ പുത്തലത്താണ് (34) കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഫേസ്ബുക്ക് വഴി കൊല്ലം തെക്കേവിള സ്വദേശിനിയുമായി പ്രതി സൗഹൃദത്തിലായി.
തുടർന്ന് പല തവണകളായി യുവതിയിൽ നിന്ന് 1152100 ലക്ഷം രൂപ വാങ്ങി. കൂടാതെ കാൽ ലക്ഷത്തിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളും വാങ്ങിയെടുത്തു. ചതി മനസിലാക്കി പിന്തിരിഞ്ഞതോടെ സ്വകാര്യ ദൃശ്യങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി കൊല്ലം വെസ്റ്റ് പൊലീസിൽ പരാതി നൽകി. വടകരയിൽ നിന്നാണ് യുവാവിനെ പിടികൂടിയത്. അന്വേഷണത്തിൽ കൂടുതൽ സ്ത്രീകൾ തട്ടിപ്പിനിരയായതായി കണ്ടെത്തി. വെസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ഫയാസിന്റെ നേതൃത്വത്തിൽ എസ്.ഐ ജോസ് പ്രകാശ്, എ.എസ്.ഐ ഷാജഹാൻ, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒ രതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.