കൊല്ലം: ലോകത്തെ മറ്റ് ഭരണഘടനകളിൽ നിന്ന് മികച്ചത് എടുത്താണ് ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊല്ലം ബാർ അസോസിയേഷൻ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് എക്കാലത്തെയും മികച്ച ഭരണഘടന ഇന്ത്യയുടേതാണ്. ഇന്ത്യൻ ഭരണഘടനയ്ക്ക് മാത്രമാണ് ആർട്ടിക്കിൾ 13 ഉള്ളത്. ജുഡീഷ്യൽ റിവ്യൂ (നീതിന്യായ പുനരവലോകനം) എന്ന ഏറ്റവും ശക്തമായ പരിഹാരമുള്ളതും ഈ അനുച്ഛേദത്തിലാണ്. ജുഡീഷ്യൽ ആക്ടിവിസം ഇന്ത്യൻ സാഹചര്യത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന സ്ഥിതിയാണ്. നമുക്ക് ഇഷ്ടമുള്ള വിധി വന്നാൽ ജുഡീഷ്യൽ ആക്ടിവിസമെന്നും ഇഷ്ടമല്ലാത്തത് വന്നാൽ അത് ജുഡീഷ്യൽ നിയന്ത്രണമെന്നും വിലയിരുത്തുന്ന സ്ഥിതിയാണ്.
അഭിഭാഷകർ മാനവികതയ്ക്കാവണം മുൻതൂക്കം നൽകേണ്ടതെന്നും മറ്റുള്ളവരുടെ ജീവിതം കൊണ്ട് ജീവിക്കുന്നവരായതിനാൽ കക്ഷികൾക്ക് വേണ്ടി ഏറ്റവും മികച്ച സേവനം നൽകണം. സ്ത്രീകൾ കൂടുതലായി ഈ മേഖലയിലേക്ക് വരുന്നത് സ്വാഗതാർഹമാണ്. ഇന്ദിരാഗാന്ധിയുടെ ലോക് സഭാംഗത്വം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ സുപ്രീം കോടതിയിൽ വെക്കേഷൻ ജഡ്ജായിരുന്ന ജസ്റ്റിസ് വി ആർ.കൃഷ്ണയ്യരുടെ മുന്നിൽ വന്നപ്പോൾ നൽകിയ താത്കാലിക സ്റ്റേ ഇന്ത്യൻ ചരിത്രത്തിൽ ഏറ്റവും സുപ്രധാനമായ വിധിയായി.
കേസിന്റെ അന്തിമ വിധിയേക്കാൾ ഇന്നും ഓർക്കപ്പെടുന്നത് ആ വിധിയാണ്. കേസുമായി മുന്നിലെത്തുന്നവരോട് വൈകാരികമായി അടുപ്പം ഉണ്ടാകുന്നത് അഭിഭാഷക മേഖലയിൽ നല്ലതല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഓച്ചിറ അനിൽകുമാർ അദ്ധ്യക്ഷനായി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ജി.ഗോപകുമാർ, അഡിഷണൽ ജഡ്ജ് പി.എൻ.വിനോദ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.വി.നയന, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എ.കെ.മനോജ്, അഡ്വ. രേണു.ജി.പിള്ള എന്നിവർ സംസാരിച്ചു.