കൊല്ലം: സ്വന്തം ആസ്ഥാനം നിർമ്മിക്കാൻ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കണ്ടെത്തിയ മുണ്ടയ്ക്കലെ ഭൂമി ഏറ്റെടുക്കാനുള്ള തടസം ഉടൻ നീക്കിയില്ലെങ്കിൽ സർക്കാരിനെതിരെ സമരം ആരംഭിക്കുമെന്ന് കേരളത്തിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻസ് (കോൺസ്നോർ) കേന്ദ്ര കമ്മിറ്റി യോഗം സർക്കാരിന് മുന്നറിയിപ്പ് നൽകി.
ചില ഭരണ രാഷ്ട്രീയകക്ഷിക്കാരും ഭൂമാഫിയയും ഉദ്യോഗസ്ഥരും ചേർന്ന് സ്ഥലമേറ്റെടുപ്പിന് തടസം
സൃഷ്ടിച്ചിരിക്കുകയാണ്. നീണ്ട 20 വർഷം ഡോ. വെള്ളായണി അർജ്ജുനന്റെ നേതൃത്വത്തിൽ കോൺസ്നോർ കേന്ദ്രകമ്മിറ്റി നടത്തിയ സമരങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായിട്ടാണ് പിണറായി സർക്കാർ കൊല്ലത്ത് ഗുരുദേവന്റെ നാമധേയത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. സെപ്തംബർ 30ന് മുമ്പ് തീരുമാനം എടുത്തില്ലെങ്കിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്താനും യോഗം തീരുമാനിച്ചു.
കോൺസ്നോർ ചെയർമാൻ എസ്.സുവർണകുമാർ യോഗം ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ പി.എസ്.ബാബുറാം അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രബോധ്.എസ് കണ്ടച്ചിറ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ കേന്ദ്ര ഭാരവാഹികളായ സ്വാമി സുഖാകാശ സരസ്വതി, അടൂർ എ.കെ.ശിവൻകുട്ടി, ചെങ്കോട്ടുകോണം സുരേന്ദ്രൻ, ഷാജി അഴകരത്നം, നന്ദാവനം സുശീലൻ, തലശേരി സുധാകർജി, ഷൈജ കൊടുവള്ളി, എ.ജയശങ്കർ പ്രസാദ്, അഡ്വ. പന്നിയോട് രവീന്ദ്രൻ, കെ.എസ്.ശിവരാജൻ, ക്ലാവറ സോമൻ, വർക്കല പ്രസന്നൻ, സി.വി.മോഹൻകുമാർ, രാജു ഇരിഞ്ഞാലക്കുട, അനിൽ പടിക്കൽ, അഡ്വ. വേണു വാഴവിള, ഷാജിലാൽ കരുനാഗപ്പള്ളി, സുരേഷ് അശോകൻ, കീർത്തി രാമചന്ദ്രൻ, തഴവ സത്യൻ, അനിൽ പുന്നപ്ര, പൂന്തുറ മനോഹരൻ, മണിയമ്മ രാമചന്ദ്രൻ, കെ.ഉഷാകുമാരി, ബിന്ദു അനിൽ എന്നിവർ സംസാരിച്ചു.